തിരുവനന്തപുരം: ഉത്രവധക്കേസിൽ കോടതി വിധി സ്വാഗതം ചെയ്ത് വനിതാ കമ്മിഷൻ അധ്യക്ഷ പി സതീദേവി. പ്രതിയ്ക്ക് വധശിക്ഷ വേണമെന്ന ഉത്രയുടെ അമ്മയുടെ വികാരം മാനിക്കുന്നുവെന്നും എന്നാൽ വധശിക്ഷ തിരുത്തൽ നടപടിയെന്ന് പറയാൻ കഴിയില്ലെന്നും പി സതീദേവി പറഞ്ഞു.
ഉത്രവധക്കേസിൽ പ്രതിക്ക് വധശിക്ഷ പ്രതീക്ഷിച്ചിരുന്നുവെന്നും എന്നാൽ അതുണ്ടായില്ല എന്നുമായിരുന്നു ഉത്രയുടെ മാതാവ് മണിമേഖല പറഞ്ഞത്. ശിക്ഷാ നിയമത്തിലെ ഈ പിഴവുകളാണ് സമൂഹത്തിൽ ഇതുപോലുള്ള കുറ്റവാളികളെ സൃഷ്ടിക്കുന്നതെന്നും മണിമേഖല പറഞ്ഞു.
ഉത്രവധക്കേസിൽ പ്രതി സൂരജിന് ഇരട്ട ജീവപര്യന്തമാണ് കോടതി ശിക്ഷ വിധിച്ചത്. കൊല്ലം ആറാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജ് എം മനോജാണ് ശിക്ഷ പ്രസ്താവിച്ചത്. ആസൂത്രിത കൊല (ഇന്ത്യൻ ശിക്ഷാനിയമം 302-ാം വകുപ്പ്), നരഹത്യാശ്രമം (307ാം വകുപ്പ്), വിഷം നൽകി പരിക്കേൽപ്പിക്കൽ (328ാം വകുപ്പ്), തെളിവുനശിപ്പിക്കൽ (201 -ാം വകുപ്പ്) എന്നീ കുറ്റകൃത്യങ്ങൾ തെളിഞ്ഞതായി കോടതി കണ്ടെത്തിയിരുന്നു.
Uthra Murder Case – P Satheedevi reaction