തിരുവനന്തപുരം
ആധുനിക പ്ലാന്റുകൾ സ്ഥാപിക്കാനും സംരംഭം വിപുലപ്പെടുത്താനുമായി സംസ്ഥാനത്ത് 200 കോടി നിക്ഷേപിക്കുമെന്ന് സുഗന്ധവ്യഞ്ജന–-സത്ത് ഓയിൽ നിർമാതാക്കളായ പ്ലാന്റ് ലിപിഡ്സ് അറിയിച്ചു. പദ്ധതി 2026ൽ പൂർത്തിയാക്കാൻ വ്യവസായമന്ത്രി പി രാജീവും കമ്പനി മേധാവികളും പങ്കെടുത്ത മീറ്റ് ദി ഇൻവെസ്റ്റർ പരിപാടിയിൽ ധാരണയായി.
ലോകത്തെ ഏറ്റവും വലിയ സൂപ്പർ ക്രിട്ടിക്കൽ എക്സ്ട്രാക്ഷൻ പ്ലാന്റാണ് കോലഞ്ചേരിയിൽ നിർമിക്കുക. നാച്ചുറൽ ഫുഡ്കളർ, നാച്ചുറൽ പ്രോഡക്ട്സ് എക്സ്ട്രാക്ഷൻ പ്ലാന്റുകളും ഡിവിഷനുകളും സ്ഥാപിക്കും. 60 കോടിയുടെ വികസനപദ്ധതി പുരോഗമിക്കുകയാണ്. അടുത്ത സാമ്പത്തികവർഷം 60 കോടിയും രണ്ടായിരത്തി ഇരുപത്താറോടെ 80 കോടിയും നിക്ഷേപിക്കും. സംസ്ഥാനത്തെ ആറു ഡിവിഷനും വിപുലീകരിക്കും.
ലോകത്തെ ഏറ്റവും വലിയ സുഗന്ധതൈല ഉൽപ്പാദകരാണ് കോലഞ്ചേരി ആസ്ഥാനമായ പ്ലാന്റ് ലിപിഡ്സ്. ഏഴ് രാജ്യത്ത് ഓഫീസുണ്ട്. തൊണ്ണൂറോളം രാജ്യങ്ങളിലേക്ക് കയറ്റുമതിചെയ്യുന്നു. കമ്പനിയുടെ പ്രധാന പ്ലാന്റുകൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന് വ്യവസായ എസ്റ്റേറ്റ് പദവി നൽകണമെന്ന ആവശ്യം പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു.