തിരുവനന്തപുരം
സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ 18 മുതൽ പൂർണമായും തുറക്കും. ഇതിന് മുന്നോടിയായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിന്റെ അധ്യക്ഷതയിൽ പ്രിൻസിപ്പൽമാരുടെ യോഗം ചേർന്നു.
വാക്സിൻ ലഭ്യമാകാത്ത 18 തികയാത്ത വിദ്യാർഥികൾക്ക് ഓൺലൈൻ ക്ലാസ് പരിഗണിക്കും. മറ്റുള്ളവർക്കുള്ള വാക്സിൻ യജ്ഞം കൂടുതൽ വേഗത്തിലാക്കും. വിദ്യാർഥികൾക്ക് തൽക്കാലം വിനോദയാത്ര അനുവദിക്കേണ്ടെന്നും തീരുമാനിച്ചു.
കോവിഡ് അവലോകന സമിതിയുടെ നിർദേശങ്ങൾ പാലിച്ചേ ക്യാമ്പസുകൾ പ്രവർത്തിക്കാവൂ എന്ന് മന്ത്രി ആർ ബിന്ദു പറഞ്ഞു. നിലവിലെ സ്ഥിതിവിവരം സമിതിയെ അറിയിക്കും. വിശദ ഉത്തരവ് ഉടൻ പ്രസിദ്ധീകരിക്കും. എല്ലാ ക്യാമ്പസിലും ജാഗ്രതാസമിതികൾ കൂടിയാലോചന നടത്തണം. വിദ്യാർഥികൾ ഇടപഴകുന്ന എല്ലാ സ്ഥലവും അണുവിമുക്തമാക്കണം.
കോവിഡ് പ്രോട്ടോകോൾ സംബന്ധിച്ച വിശദ ക്ലാസോടെ വേണം അധ്യയനത്തുടക്കം. അതോടൊപ്പം ലിംഗപദവികാര്യത്തിലും വിശദമായ ക്ലാസ് വേണമെന്ന ഉത്തരവ് നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. ഇക്കാര്യത്തിൽ അധ്യാപകർക്ക് ക്ലാസുകൾ ഉടനുണ്ടാകും. ക്യാമ്പസുകളിൽ കൗൺസലിങ് കേന്ദ്രങ്ങൾ സജ്ജമാക്കണം. ഇവ സംബന്ധിച്ച് വിശദമായ സർക്കുലർ ഇറക്കും. ക്ലാസുകളുടെ സമയത്തിലും മറ്റു ക്രമീകരണങ്ങളിലും സ്ഥാപനതലത്തിൽ ഉചിതമായ തീരുമാനമെടുക്കാമെന്നും മന്ത്രി പറഞ്ഞു.