തിരുവനന്തപുരം
തൊഴിലുറപ്പ് തൊഴിലാളി ക്ഷേമപദ്ധതിക്ക് നിയമസാധുത നൽകുന്ന ബില്ലിന് നിയമസഭയുടെ അംഗീകാരം. 20-21ലെ കേരള തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി ബിൽ സഭ ഏകകണ്ഠമായി പാസാക്കി. ഇതുകൂടാതെ മൂന്ന് ബില്ലും ചൊവ്വാഴ്ച സഭ അംഗീകരിച്ചു.
ക്ഷേമനിധി ബിൽ പാസാക്കിയതിലൂടെ സംസ്ഥാനം രാജ്യത്തിനുമുന്നിൽ തല ഉയർത്തി നിൽക്കുകയാണെന്ന് ചർച്ചയ്ക്കുള്ള മറുപടിയിൽ മന്ത്രി എം വി ഗോവിന്ദൻ പറഞ്ഞു. തൊഴിലുറപ്പ് തൊഴിലാളികൾക്കായി ഇത്തരമൊരു പദ്ധതി മറ്റൊരു സംസ്ഥാനത്തുമില്ല. മഹാത്മാഗാന്ധി, അയ്യൻകാളി തൊഴിലുറപ്പ് പദ്ധതികളിലെ 40 ലക്ഷം തൊഴിലാളികളാണ് ക്ഷേമപദ്ധതി അംഗങ്ങൾ. ഇവർക്ക് പെൻഷൻ അടക്കമുള്ള ആനുകൂല്യങ്ങൾ ഉറപ്പാകും.
കെട്ടിട നിർമാണാനുമതി വൈകിപ്പിക്കുന്നത് ഒഴിവാക്കാനുള്ള നടപടികൾക്ക് സാധുതയേകുന്ന രണ്ട് നിയമഭേദഗതി ബില്ലും സഭ പാസാക്കി. പഞ്ചായത്ത് രാജ്, – മുനിസിപ്പാലിറ്റി നിയമങ്ങളാണ് ഭേദഗതി ചെയ്തത്. അപകടസാധ്യത കുറഞ്ഞ കെട്ടിടങ്ങൾ സാക്ഷ്യപത്രം സഹിതം അപേക്ഷ നൽകി നിർമാണം ആരംഭിക്കാം.
കേരള നഗര–-ഗ്രാമാസൂത്രണ (ഭേദഗതി) ബില്ലും അംഗീകരിച്ചു. സംസ്ഥാന, ജില്ലാ, തദ്ദേശാസൂത്രണ പ്രദേശം എന്നിങ്ങനെ വിവിധ തലങ്ങളിലെ പ്ലാനുകൾ ബില്ലിൽ വ്യക്തമാക്കുന്നു. ദുരന്താഘാത സാധ്യതാ വ്യവസ്ഥകൾകൂടി ഉൾപ്പെടുത്തിയാണ് നിയമനിർമാണം.
ചർച്ചയിൽ തോട്ടത്തിൽ രവീന്ദ്രൻ, എം രാജഗോപാൽ, ലിന്റോ ജോസഫ്, എൻ കെ അക്ബർ, രമേശ് ചെന്നിത്തല, റോജി എം ജോൺ, ടി ജെ വിനോദ്, സജീവ് ജോസഫ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, മാത്യു കുഴൽനാടൻ, പി ഉബൈദുള്ള തുടങ്ങിയവർ പങ്കെടുത്തു. വിഷയത്തിൽനിന്ന് ചർച്ചയിലും നടപടികളിലും പങ്കെടുത്ത അംഗങ്ങളെ സ്പീക്കർ എം ബി രാജേഷ് അഭിനന്ദിച്ചു.