തിരുവനന്തപുരം
തീരദേശ പരിപാലന നിയമത്തിന്റെ ഭാഗമായ പദ്ധതി തയ്യാറാക്കാൻ ത്വരിതഗതിയിൽ നടപടി പുരോഗമിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു.
കരട് വിജ്ഞാപനത്തിനുശേഷം പൊതുജനാഭിപ്രായം തേടി ഭേദഗതി വരുത്തി കേന്ദ്ര സാങ്കേതിക പരിശോധനാ സമിതിക്ക് നൽകണം. അവരുടെ ശുപാർശ പരിഗണിച്ച് കേന്ദ്ര സർക്കാരിന് സമർപ്പിക്കണം. ആറുമാസമെങ്കിലുമെടുക്കും. കോവിഡ് സാഹചര്യത്തിൽ പബ്ലിക് ഹിയറിങ് പ്രയാസകരമാണ്. സാഹചര്യം അനുകൂലമായാൽ വേഗത്തിൽ പൂർത്തിയാക്കും.
2011-ലെ തീരദേശ പരിപാലന നിയമത്തിൽ കേന്ദ്ര സർക്കാർ 2019- ജനുവരി 18ന് ഭേദഗതി വിജ്ഞാപനമിറക്കിയെങ്കിലും മാർഗരേഖ ലഭിച്ചത് 2019 ജൂണിലാണ്. സംസ്ഥാനത്തിന്റെ ഭാഗത്തുനിന്ന് അലംഭാവമുണ്ടായിട്ടില്ല.
കേന്ദ്ര ഭൗമശാസ്ത്ര പഠനകേന്ദ്രം തയ്യാറാക്കിയ പ്ലാനിന്റെ ആദ്യ കരടിലെ അപാകം പരിഹരിക്കാൻ മൂന്നംഗ വിദഗ്ധസമിതി രൂപീകരിച്ചു. മിക്ക പഞ്ചായത്തുകളും നാഗരിക സ്വഭാവമുള്ളവയായതിനാൽ അവ തരംതിരിച്ച് നഗരപ്രദേശങ്ങളായി പുനർനാമകരണം ചെയ്യണം എന്നതടക്കം ശുപാർശകൾ സമിതി വച്ചിട്ടുണ്ട്. കരട് പ്ലാൻ തയ്യാറായാൽ പത്ത് തീരദേശ ജില്ലയിലും പബ്ലിക് ഹിയറിങ് നടത്തും. 2011ലെ വിജ്ഞാപനമനുസരിച്ച് പ്ലാൻ തയ്യാറാക്കി കേന്ദ്രസർക്കാരിന് സമർപ്പിക്കാൻ 2016 വരെ സംസ്ഥാനം ഭരിച്ച യുഡിഎഫിന് കഴിഞ്ഞില്ല.
വേമ്പനാട്ട് കായലിനായുള്ള പ്രത്യേക സമഗ്ര പദ്ധതി സർക്കാർ, സർക്കാരിതര സ്ഥാപനങ്ങൾ മുഖാന്തരം പ്രവർത്തനം ആരംഭിച്ചു. ആദ്യവർഷ പ്രവർത്തനങ്ങൾക്ക് 140.75 ലക്ഷം രൂപ അനുവദിച്ചെന്നും കെ ബാബുവിന്റെ അടിയന്തരപ്രമേയത്തിന് മുഖ്യമന്ത്രി മറുപടി പറഞ്ഞു.