തിരുവനന്തപുരം: വീണ്ടും ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ച് കേരള പോലീസ്. ഇതിന്റെ ഭാഗമായി ഓപ്പൺ ടെൻഡർ ക്ഷണിച്ച് നോട്ടീസ് പുറപ്പെടുവിച്ചു. നിലവിലെ ഹെലികോപ്റ്ററിന്റെ കരാർ കാലാവധി അവസാനിച്ചതിന് പിന്നാലെയാണ് വീണ്ടും ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കാൻ കേരള പോലീസ് നടപടികൾ ആരംഭിച്ചത്.
ആറ് യാത്രക്കാരെ ഉൾക്കൊള്ളുന്ന ഇരട്ട എൻജിൻ ഹെലികോപ്റ്ററാണ് വാടകയ്ക്ക് എടുക്കുന്നത്. മൂന്ന് വർഷത്തേക്കാണ് കരാർ. ഹെലികോപ്റ്ററിന് 15 വർഷത്തിൽ കൂടുതൽ പഴക്കമുണ്ടാകാൻ പാടില്ലെന്നും മാസം 20 മണിക്കൂറിൽ കൂടുതൽ പറക്കേണ്ടി വരുമെന്നും പോലീസ് പുറത്തിറക്കിയ ടെൻഡർ നോട്ടീസിൽ പറയുന്നു.
നേരത്തെ പവൻ ഹൻസിന്റെ ഹെലികോപ്റ്ററാണ് കേരള പോലീസ് ഉപയോഗിച്ചിരുന്നത്. മൂന്ന് മാസം മുമ്പാണ് ഈ കരാർ അവസാനിച്ചത്. അന്ന് ഭീമമായ തുക ഹെലികോപ്റ്ററിന് വാടക കൊടുക്കുന്നത് വലിയ വിവാദമാവുകയും വിമർശനങ്ങൾ ഉയരുകയും ചെയ്തിരുന്നു.
പോലീസിന് ഹെലികോപ്റ്റർ ആവശ്യമില്ലെന്ന തരത്തിൽ പ്രതിപക്ഷത്ത് നിന്നടക്കം ആരോപണം ഉയർന്നിരുന്നു. ഇതിനുശേഷം പോലീസിന് ഹെലികോപ്റ്റർ വേണമോയെന്ന കാര്യത്തിൽ ആശയക്കുഴപ്പമുണ്ടായിരുന്നു. ഇതിനിടെ ഡിജിപി അനിൽ കാന്തിന്റെ നിർദേശ പ്രകാരമാണ് വീണ്ടും ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കാനുള്ള ഒരുക്കങ്ങൾ.
content highlights:kerala police again called tender for helicopter