ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) യുഎഇ ഘട്ടത്തിന്റെ ആരംഭത്തിലായിരുന്നു സീസണിന്റെ അവസാനം റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ നായക സ്ഥാനം ഒഴിയുന്നു എന്ന പ്രഖ്യാപനം വിരാട് കോഹ്ലി നടത്തിയത്. ബാംഗ്ലൂര്‍ കടുത്ത പോരാട്ടത്തിന് ശേഷമാണ് പ്ലേ ഓഫിലെക്കെത്തിയതും. പക്ഷെ എലിമിനേറ്ററില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനോട് പരാജയപ്പെട്ട് മടങ്ങേണ്ടി വന്നു കോഹ്ലിക്കും കൂട്ടര്‍ക്കും. നായകനെന്ന നിലയില്‍ ഒരു ഐപിഎല്‍ കിരീടമെന്ന കോഹ്ലിയുടെ മോഹം ബാക്കി.
പ്ലേ ഓഫില്‍ നിന്ന് പുറത്തായതോടെ ബാംഗ്ലൂര്‍ ടീമില്‍ തന്റെ ഭാവിയെന്തായിരിക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കോഹ്ലി. “യുവതാരങ്ങള്‍ക്ക് അവരുടെ മികവ് പുറത്തെടുക്കാനുള്ള സ്വാതന്ത്ര്യം ലഭിക്കുന്ന തരത്തിലുള്ള സംസ്കാരമാണ് ഞാന്‍ സൃഷ്ടിക്കാന്‍ ശ്രമിച്ചത്. ഞാന്‍ 120 ശതമാനവും ടീമിനായി കൊടുത്തു. എത്രത്തോളം ഫലം കണ്ടു എന്ന് എനിക്കറിയില്ല. ഇനിയൊരു കളിക്കാരന്‍ എന്ന നിലയിലും അത് തുടരും,” കോഹ്ലി പറഞ്ഞു.
മെഗാ താരലേലം നടക്കാനിരിക്കെ ബാംഗ്ലൂരിനൊപ്പം തന്നെ തുടരുമോ എന്ന ചോദ്യത്തിനും താരത്തിന് വ്യക്തമായ മറുപടിയുണ്ടായിരുന്നു. “തീര്‍ച്ചയായും തുടരും. വേറെ ഒരു ടീമിനായും കളിക്കുന്നതായി സങ്കല്‍പ്പിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. ലൗകിക സുഖങ്ങളെക്കാൾ വിശ്വസ്തതയാണ് എനിക്ക് പ്രധാനം. ഐപിഎല്ലിലെ എന്റെ അവസാന മത്സരം വരെ ബാംഗ്ലൂരിനൊപ്പമായിരിക്കും,” കോഹ്ലി വ്യക്തമാക്കി. ക്യാപ്റ്റനെന്ന നിലയില്‍ 140 മത്സരങ്ങളില്‍ നിന്ന് 66 ജയമാണ് കോഹ്ലിയുടെ സമ്പാദ്യം. 70 കളികള്‍ പരാജയപ്പെടുകയും ചെയ്തു.
Also Read: RCB vs KKR Eliminator, IPL 2021 Score: എലിമിനേറ്ററിൽ ബാംഗ്ലൂരിനെ നാല് വിക്കറ്റിന് തകർത്ത് കൊൽക്കത്ത; ഇനി ക്വാളിഫയർ
The post ഐപിഎല്ലിലെ അവസാനം മത്സരം വരെ ബാംഗ്ലൂരിന് ഒപ്പം: കോഹ്ലി appeared first on Indian Express Malayalam.