കോഴിക്കോട്: ജില്ലയിലെ പല മേഖലയിലും ഇന്നലെ മുതൽ തുടങ്ങിയ തോരാ മഴ കനത്ത നാശം വിതച്ചു. ഗ്രാമ നഗര വ്യത്യാസമില്ലാതെ മഴ തുടരുകയാണ്.
നഗരത്തിലെ റോഡുകൾ പൂർണമായും വെള്ളത്തിലായി. പലയിടങ്ങളിലും മുട്ടോളം വെള്ളം കയറി. മാവൂർ റോഡിൽ വെള്ളക്കെട്ടുണ്ടായതോടെ ഗതാഗതം സ്തംഭിച്ചു. ചിന്താവളപ്പിൽ മതിലിടിഞ്ഞു. ബീച്ച് റോഡും മൂന്നാലിങ്കൽ ഭാഗത്തും വലിയ വെള്ളക്കെട്ടാണുള്ളത്. മുണ്ടിക്കൽ താഴവും തടമ്പാട്ട് താഴത്തുമെല്ലാം വെള്ളത്തിനടിയിലായി.
മാവൂർ ചാത്തമംഗലം ഭാഗത്താണ് വ്യാപകമായ മണ്ണിടിച്ചൽ ഉണ്ടായിട്ടുള്ളത്. ചാത്തമംഗലം സൗത്ത് അരയങ്കോട്ട് വീടിന്റെ മതിലിടിഞ്ഞ് ഒരു ഓട്ടോയും രണ്ട് ഇരുചക്ര വാഹനങ്ങളും തകർന്നു. പനങ്ങോട് വീടിന്റെ സംരക്ഷണ ഭിത്തി തകർന്ന് വീണു. മാവൂർ മേച്ചേരി കുന്നിൽ വീടിന് സമീപത്തേക്ക് 20 മീറ്റർ വീതിയിൽ മണ്ണിടിച്ചിൽ ഉണ്ടായി.
കനത്ത മഴജനങ്ങളിൽ ഉരുൾപൊട്ടൽ ഭീതിയടക്കമുണ്ടാക്കുകയും ചെയ്യുന്നുണ്ട്. കൂടരഞ്ഞി കൂമ്പാറ ആനക്കല്ലും പാറയിൽ ചെറിയ തോതിൽ മല വെള്ളപ്പാച്ചിൽ ഉണ്ടായി. കൂമ്പാറ പുഴയിലൂടെ മലയോരത്ത് നിന്ന് കല്ലും മണ്ണും ഒലിച്ച് വന്നത് ആളുകളെ ഭീതിയിലാക്കി. നിരവധി ക്വാറികളുള്ള പ്രദേശമാണിത്. മൂന്ന് വർഷം മുമ്പ് ഉരുൾ പൊട്ടലും ഉണ്ടായത് ഇതിന് അടുത്താണ്. ക്വാറികൾ ഏറെയുള്ളത് കൊണ്ട് തന്നെ വലിയ ആശങ്കയിലാണ് ജനങ്ങൾ.
കൊയിലാണ്ടിയിലും ബാലുശ്ശേരിയിലും കനത്ത മഴയുണ്ടായിരുന്നുവെങ്കിലും ഇപ്പോൽ ശക്തി കുറഞ്ഞിട്ടുണ്ട്. കൊയിലാണ്ടി നഗരസഭയിലെ ഏഴ് കുടുംബങ്ങളെ മാറ്റി പാർപ്പിക്കാൻ തീരുമാനം ആയിട്ടുണ്ട്. വീയൂരുള്ള കുടംബങ്ങളെയാണ് മാറ്റി പാർപ്പിക്കുക. വളയം, കാവിലുംപാറ, കൂരാച്ചുണ്ട് മേഖലയിലും ശക്തമായ മഴയുണ്ടെങ്കിലും കാര്യമായ നാശ നഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ല. മഴ തുടരുന്നത് ഉരുൾപൊട്ടൽ സാധ്യതയടക്കമുണ്ടാക്കുന്നതിനാൽ ഏറെ ജാഗ്രതയോടെയാണ് ജില്ലാ ഭരണകൂടവും അധികൃതരുമുള്ളത്.
കോഴിക്കോട് ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി കൺട്രോൾ റൂമുകൾ തുറന്നു- കോഴിക്കോട് -0495 2371002,ടോൾ ഫ്രീ-1077, താലൂക്ക് കൺട്രോൾ റൂം നമ്പറുകൾ: കോഴിക്കോട്-0495 2372966.കൊയിലാണ്ടി-0496 2620235, വടകര-0496 2522361, താമരശ്ശേരി-0495 2223088
content higlights:heavy rain, landslide in kozhikode