കൊച്ചി
സംവിധാനം ചെയ്യുന്ന സിനിമകളിൽ അഭിനേതാക്കളെക്കുറിച്ച് ചിന്തിക്കുമ്പോൾ ആദ്യം മനസ്സിലേക്ക് ഓടിവരുന്ന പേര് നെടുമുടിയുടേതായിരുന്നെന്ന് സിബി മലയിൽ. ആദ്യസിനിമയായ ‘മുത്താരംകുന്ന് പിഒ’മുതൽ 22 സിനിമകളിൽ അദ്ദേഹം പ്രധാനപ്പെട്ട വേഷം ചെയ്തിട്ടുണ്ട്. ഏതുവേഷവും തന്മയത്വത്തോടെ ചെയ്യുമെന്ന് ഉറപ്പിക്കാവുന്ന മഹാനടൻ. മലയാളസിനിമയുടെ വലിയൊരു ബലമാണ് അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ നഷ്ടമായത്.
‘ഞങ്ങൾ ഒരേ നാട്ടുകാരാണ്. ആലപ്പുഴ എസ്ഡി കോളേജിൽ അദ്ദേഹത്തിന്റെ ജൂനിയറായിരുന്നു. അന്നേ അറിയാം. സിനിമയിൽ എത്തിയശേഷം ജ്യേഷ്ഠസഹോദരനെപ്പോലെയായി. എല്ലാ സിനിമകളിലും അദ്ദേഹം ഉണ്ടാകണമെന്നത് എനിക്ക് നിർബന്ധംപോലെയായിരുന്നു. അഭിനേതാക്കളുടെ പട്ടികയിൽ ആദ്യം ചേർക്കുന്ന പേര് നെടുമുടിയുടേതായിരിക്കും. ഭരതവും ഹിസ് ഹൈനസ് അബ്ദുള്ളയും പോലുള്ള ചിത്രങ്ങൾ സിനിമാജീവിതത്തിലെ പ്രധാന വേഷങ്ങളായി. 2004ൽ സംവിധാനം ചെയ്ത ‘അമൃത’മാണ് ഞങ്ങളൊന്നിച്ച അവസാനചിത്രം. പിന്നീട് സിനിമയുടെ സ്വഭാവമൊക്കെ മാറിയപ്പോൾ അദ്ദേഹത്തിന് ഇണങ്ങുന്ന വേഷത്തിന്റെ അഭാവത്തിൽമാത്രമായിരുന്നു എന്റെ ചിത്രങ്ങളിൽ ഉൾപ്പെടാതിരുന്നത്.
കോവിഡിന്റെ പശ്ചാത്തലത്തിൽ രണ്ടുവർഷത്തോളമായി തമ്മിൽ കണ്ടിട്ടില്ല. ഫോൺവിളിയും സന്ദേശങ്ങൾ കൈമാറലുമുണ്ടായിരുന്നു. ഒരാഴ്ചമുമ്പാണ് ഒടുവിൽ അദ്ദേഹത്തിന് വാട്സാപ്പിൽ സന്ദേശമയച്ചത്. അതിന് മറുപടി വന്നില്ല. അസുഖബാധിതനായതുകൊണ്ടാകണം’–- സിബി മലയിൽ പറഞ്ഞു.