കൊച്ചി
ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ പൊലീസ് നടത്തുന്ന നിയമവിരുദ്ധപ്രവർത്തനങ്ങൾക്ക് നിയമത്തിന്റെ സംരക്ഷണം ഇല്ലെന്ന് ഹൈക്കോടതി. മജിസ്ട്രേട്ടിനുമുന്നിൽ മൊഴി നൽകാതിരിക്കാൻ പ്രതിയുടെ നാവിൽ സിഗററ്റുകൊണ്ട് പൊള്ളിച്ചുവെന്ന കേസിലെ പ്രതികളുടെ ഹർജി തള്ളിയാണ് ജസ്റ്റിസ്മേരി ജോസഫിന്റെ ഉത്തരവ്.
തങ്ങൾക്കെതിരെ വിചാരണക്കോടതി കേസെടുത്തത് സർക്കാരിന്റെ അനുമതി തേടാതെയാണെന്ന് ചൂണ്ടിക്കാട്ടിയാണ് കൊല്ലം എഴുകോൺ സ്റ്റേഷനിലെ പൊലീസുകാരായ മണി രാജൻ, ബേബി, ഷറഫുദീൻ എന്നിവർ ഹൈക്കോടതിയെ സമീപിച്ചത്. ക്രിമിനൽ നടപടിച്ചട്ടം 197 പ്രകാരം പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാരിന്റെ മുൻകൂർ അനുമതി തേടിയില്ലെന്നായിരുന്നു പ്രതികളുടെ വാദം.
കൃത്യനിർവഹണത്തിന്റെ ഭാഗമായി നിയമത്തിന്റെ പരിധിയിൽനിന്ന് ഉത്തമവിശ്വാസത്തോടെ തീരുമാനമെടുക്കുന്ന ഉദ്യോഗസ്ഥർക്കുള്ളതാണ് ഈ സംരക്ഷണമെന്ന് കോടതി പറഞ്ഞു. ക്രൂരത കാട്ടുന്ന ഉദ്യോഗസ്ഥർക്ക് നിയമത്തിന്റെ സംരക്ഷണത്തിന് അവകാശമില്ലെന്നും കോടതി വ്യക്തമാക്കി. പ്രതികൾക്ക് വിചാരണക്കോടതി ഒരുവർഷം തടവും 2500 രൂപവീതം പിഴയുമാണ് വിധിച്ചത്.