തിരുവനന്തപുരം
സംസ്ഥാനത്തിന് പുറത്തുനിന്ന് ലഭിക്കേണ്ട വൈദ്യുതിയിൽ കുറവ് തുടരുന്നു. കൽക്കരിക്ഷാമത്തെ തുടർന്ന് അഞ്ച് കമ്പനിയിൽ നിന്നായി മാത്രം 310 മെഗാവാട്ടിന്റെ കുറവാണ് തിങ്കളാഴ്ച കേരളത്തിനുണ്ടായത്. നാല് കമ്പനി 288.5 മെഗാവാട്ട് നൽകേണ്ട സ്ഥാനത്ത് 178.5 ആണ് ലഭ്യമാക്കിയത്. ഇതിന് പുറമെ ജാബുവ നിലയം അടച്ചതിനെ തുടർന്ന് സംസ്ഥാനത്തേക്കുള്ള 200 മെഗാവാട്ട് വിതരണവും നിലച്ചു.
ഇതേ സമയം തിങ്കളാഴ്ചത്തെ ഉപഭോഗത്തിൽ നേരിയ കുറവുണ്ടായി. 3440 മെഗാവാട്ടാണ് ഉപഭോഗം രേഖപ്പെടുത്തിയത്. 3650 മുതൽ 3800 വരെയാണ് കഴിഞ്ഞ ദിവസങ്ങളിൽ ഉപഭോഗം കൂടിയ സമയങ്ങളിലുണ്ടായിരുന്നത്. മഴയാണ് നേരിയ കുറവിനിടയാക്കിയത്. ഇതേ തുടർന്ന് പവർ എക്സ്ചേഞ്ചിൽനിന്നും വൈദ്യുതി വങ്ങേണ്ടി വന്നില്ല.
സംസ്ഥാനത്തെ ആഭ്യന്തര ഉൽപ്പാദനവും ഉയർത്തിയിരിക്കുകയാണ്. ഇടുക്കി 625, ശബരിഗിരി 220–-225, ഇടമലയാർ 67, കുറ്റ്യാടി 205 മെഗാവാട്ട് എന്ന നിലയിലാണ് ഉൽപ്പാദനം. എന്നാൽ കൽക്കരിക്ഷാമം തുടർന്നാൽ നിയന്ത്രണമടക്കമുള്ള മാർഗങ്ങളിലേക്ക് കടക്കേണ്ടി വരും. പവർ എക്സേഞ്ചിൽ നിന്നുള്ള വൈദ്യുതി ലഭ്യതയിൽ ഉൾപ്പെടെ പ്രതിസന്ധി പ്രതിഫലിച്ചാൽ ആ വഴിയിലേക്ക് നീങ്ങാൻ സംസ്ഥാനവും നിർബന്ധിതമാകും. വൈദ്യുതി ലഭ്യതയിലെ ഇടിവ് മുന്നിൽ കണ്ട് കായംകുളത്ത എൻടിപിസി, കോഴിക്കോട്, ബ്രഹ്മഗിരി എന്നിവിടങ്ങളിലെ ഡീസൽ പ്ലാന്റുകൾ പ്രവർത്തിപ്പിക്കുന്നതും സംസ്ഥാനം പരിഗണിക്കുന്നുണ്ട്.