റിസര്‍ച്ച് ഡെസ്ക്
താപവൈദ്യുത നിലയങ്ങളെ കൂടുതൽ ആശ്രയിക്കുന്നത് മഹാരാഷ്ട്ര, ഗുജറാത്ത് അടക്കം പടിഞ്ഞാറൻ സംസ്ഥാനങ്ങൾ. താപനിലയങ്ങളിൽ ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതിയിൽ പകുതിയോളം ഉപയോഗിക്കുന്നത് വ്യവസായങ്ങൾ കേന്ദ്രീകരിക്കുന്ന പടിഞ്ഞാറൻമേഖലയാണ്. 2,31,320.72 മെഗാവാട്ടാണ് താപനിലയങ്ങളുടെ സ്ഥാപിതശേഷി. ഇതിൽ 97,082.49 മെഗാവാട്ടും ഇവിടെയാണ്.
കേരളത്തിൽ താപവൈദ്യുത നിലയങ്ങളുടെ ശേഷി 693.54 മെഗാവാട്ട് മാത്രം. ഇതിൽ 533.58 മെഗാവാട്ട് ഗ്യാസിൽനിന്നും 159.96 മെഗാവാട്ട് ഡീസലിൽനിന്നുമാണ്. ഇപ്പോൾ ഇവ പ്രവര്‍ത്തിക്കുന്നില്ല. കേരളം ആശ്രയിക്കുന്നത് ജലവൈദ്യുത പദ്ധതികളെ. മൊത്തം സ്ഥാപിതശേഷി 2983.67 മെഗാവാട്ട്. ഇതിൽ 2290.13ഉം പാരമ്പര്യേത ഊർജത്തിൽനിന്ന്. 1856.50 മെഗാവാട്ട് ജലവൈദ്യുതി വഴി.
തെക്കൻമേഖലയിൽ ഏറ്റവും കൂടുതൽ താപനിലയങ്ങളെ ആശ്രയിക്കുന്നത് ആന്ധ്രപ്രദേശും തെലങ്കാനയും. ആന്ധ്രയിലെ സ്ഥാപിതശേഷി 26,531.36 മെഗാവാട്ടാണ്. ഇതിൽ 11,590 മെഗാവാട്ടും കൽക്കരിയിൽനിന്ന്. തെലങ്കാനയിലെ ആകെ ഉൽപ്പാദനം 13,688.15 മെഗാവാട്ടാണ്. 7032.50 മെഗാവാട്ടും താപവൈദ്യുതി. പൂർണമായും കൽക്കരിയിൽനിന്ന്.
തമിഴ്നാടിന്റെ സ്ഥാപിതശേഷിയിൽ പകുതിയും താപനിലയങ്ങളിൽനിന്നാണ്. കർണാടകത്തില്‍ സ്ഥാപിതശേഷിയുടെ മൂന്നിലൊന്ന് താപനിലയത്തില്‍ നിന്ന്.