ന്യൂഡൽഹി
കൽക്കരിക്ഷാമത്തെതുടർന്നുള്ള വൈദ്യുതിപ്രതിസന്ധി രാജ്യത്ത് മാറ്റമില്ലാതെ തുടരുന്നു. പഞ്ചാബ്, മഹാരാഷ്ട്ര, അസം, ഗുജറാത്ത്, ആന്ധ്ര, തെലങ്കാന, തമിഴ്നാട്, ഡൽഹി, ഒഡിഷ, രാജസ്ഥാൻ എന്നിവിടങ്ങളില്‍ വൈദ്യുതിക്ഷാമം രൂക്ഷം. പഞ്ചാബിനു പുറമെ കൂടുതൽ സംസ്ഥാനങ്ങളിൽ ലോഡ്ഷെഡിങ് അനിവാര്യമായി. ആഭ്യന്തരമന്ത്രി അമിത് ഷാ ഊർജ–- കൽക്കരി മന്ത്രിമാരുടെ യോഗം വിളിച്ചു. കൽക്കരിക്ഷാമമില്ലെന്ന് കേന്ദ്രം വാദിക്കുമ്പോഴും 135 താപനിലയത്തിൽ 80 ശതമാനവും കൽക്കരിക്ഷാമം നേരിടുന്നു. പഞ്ചാബിൽ നാലു മണിക്കൂർ ലോഡ്ഷെഡിങ് തുടരുന്നു. തമിഴ്നാട്ടിൽ ചെന്നൈയില്‍ അടക്കം വൈദ്യുതി മുടങ്ങി. ആന്ധ്രയില്‍ അപ്രഖ്യാപിത പവർകട്ട് തുടങ്ങി. പവർകട്ടിലേക്ക് നീങ്ങുകയാണെന്ന് തെലങ്കാന അറിയിച്ചു. ജാർഖണ്ഡിൽ 24 ശതമാനംവരെ വൈദ്യുതിക്ഷാമം അനുഭവപ്പെടുന്നു. രാജസ്ഥാനിൽ 17ഉം ബിഹാറിൽ ആറു ശതമാനവുമാണ് ക്ഷാമം.
കല്‍ക്കരി കിട്ടാതെ മഹാരാഷ്ട്രയിൽ 13 താപനിലയം അടച്ചു. വൈദ്യുതി ഉപയോഗം കുറയ്ക്കാൻ ഡൽഹി, മഹാരാഷ്ട്ര, തമിഴ്നാട് സംസ്ഥാനങ്ങൾ ജനങ്ങളോട് അഭ്യർഥിച്ചു. പഞ്ചാബിൽ മൂന്ന് താപനിലയം അടച്ചു. 5620 മെഗാവാട്ട് ഉൽപ്പാദനശേഷിയുടെ സ്ഥാനത്ത് 2800 മെഗാവാട്ട് മാത്രമാണ് ഉൽപ്പാദനം. പഞ്ചാബ്, ഡൽഹി, ആന്ധ്ര, മഹാരാഷ്ട്ര മുഖ്യമന്ത്രിമാർക്കു പുറമെ കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയും കൽക്കരി ലഭ്യത വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചു. മോദി ഇതുവരെ പ്രതികരിച്ചിട്ടില്ല. ശനിയാഴ്ച 1.92 മെട്രിക് ടൺ കൽക്കരി താപനിലയങ്ങളിലേക്ക് അയച്ചെന്നും 1.87 മെട്രിക് ടൺമാത്രമാണ് ഉപയോഗമെന്നും കൽക്കരിമന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു.
ഊർജ അക്കൗണ്ടിങ് നടത്തണമെന്ന് കേന്ദ്രം
മൂന്നു മാസത്തിലൊരിക്കൽ കൃത്യമായ ഊർജ അക്കൗണ്ടിങ് നടത്തണമെന്ന് കേന്ദ്രസർക്കാർ വൈദ്യുതിവിതരണ കമ്പനികളോട് ആവശ്യപ്പെട്ടു. കേന്ദ്രത്തിന്റെ ആസൂത്രണമില്ലായ്മയാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് വഴിയൊരുക്കിയതെന്ന വിമർശം ശക്തമായതോടെയാണ് നിര്‍ദേശം. കഴിഞ്ഞ മാസംമുതല്‍ കൽക്കരിക്ഷാമം അനുഭവപ്പെട്ടെങ്കിലും ഉൽപ്പാദനം വർധിപ്പിച്ച് ലഭ്യത ഉറപ്പുവരുത്താന്‍ കേന്ദ്രം ജാഗ്രത കാട്ടിയില്ല. അന്താരാഷ്ട്ര വിപണിയിൽ കൽക്കരിവില ഉയർന്നതോടെ അദാനി, ടാറ്റ കമ്പനികൾ ഇറക്കുമതി അവസാനിപ്പിച്ചതും ആഭ്യന്തര ആവശ്യകത വർധിപ്പിച്ചു.
അറുപത് ദിവസത്തിനകം ആദ്യ ഊർജ അക്കൗണ്ടിങ് പൂർത്തീകരിക്കണമെന്നാണ് വൈദ്യുതിവിതരണ കമ്പനികളോട് ആവശ്യപ്പെട്ടിരിക്കുന്നത്.