കൊല്ലം> കേരള സർവകലാശാലയുടെ വ്യാജ ബിടെക് സർട്ടിഫിക്കറ്റ് ഉപയോഗിച്ച് വിദേശത്ത് തൊഴിൽതട്ടിപ്പ് നടത്തിയ സംഭവത്തിൽ അന്വേഷണം പത്തനാപുരത്തെ യൂത്ത് കോൺഗ്രസ് നേതാവിലേക്ക്. സർട്ടിഫിക്കറ്റ് വിതരണം ചെയ്തതിന്റെ ഉറവിടം തേടിയുള്ള അന്വേഷണമാണ് യൂത്ത് കോൺഗ്രസ് നേതാവിലെത്തിയത്.
ചില സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മറവിൽ വ്യാജ സർട്ടിഫിക്കറ്റ് നിർമാണം നടക്കുന്നതായി നേരത്തെ ആരോപണം ഉയർന്നിരുന്നു. ഇതിനായി കൊല്ലം കേന്ദ്രീകരിച്ച് വൻ റാക്കറ്റ് പ്രവർത്തിക്കുന്നതായും സൂചനയുണ്ട്.
തട്ടിപ്പ് തിരിച്ചറിഞ്ഞയുടൻ സർവകലാശാല തന്നെയാണ് പരാതി നൽകിയത്. നാല് സർട്ടിഫിക്കറ്റുകൾ വ്യാജമെന്ന് കണ്ടെത്തിയെങ്കിലും ഒരെണ്ണത്തിൽ മാത്രമാണ് പ്രതിയെ കണ്ടെത്താനായത്.