കൊല്ലം > ‘മകനെക്കാൾ സ്ഥാനം അവനു നൽകിയിട്ടും മകളുടെ ജീവൻ അവൻ തട്ടിപ്പറിച്ചു. ഞങ്ങളുടെ പ്രതീക്ഷകളാകെ തകർന്നു. കോടതി പ്രതിക്ക് പരമാവധി ശിക്ഷ നൽകുമെന്നാണ് പ്രതീക്ഷ’–- ഉത്രയുടെ അച്ഛൻ വി വിജയസേനനും അമ്മ മണിമേഖലയ്ക്കും മകളുടെ വിയോഗത്തിന്റെ ദുഃഖം അടക്കാനാകുന്നില്ല. ഉത്രയെ ഭർത്താവ് സൂരജ് മൂർഖൻ പാമ്പിനെക്കൊണ്ട് കടിപ്പിച്ചുകൊന്ന കേസിൽ കൊല്ലം ആറാം അഡീഷണൽ സെഷൻസ് കോടതി തിങ്കളാഴ്ച വിധി പറയാനിരിക്കെയാണ് ഇരുവരുടെയും പ്രതികരണം.
അന്വേഷണ സംഘവും പ്രോസിക്യൂഷനും എല്ലാം നന്നായി പ്രവർത്തിച്ചെന്നും വിധി കേൾക്കാൻ തിങ്കളാഴ്ച കോടതിയിലെത്തുമെന്നും വിജയസേനൻ പറഞ്ഞു. അപൂർവങ്ങളിൽ അപൂർവമെന്ന പ്രത്യേകതയുള്ള കേസായതിനാൽ പ്രതിക്ക് മാതൃകാപരമായ ശിക്ഷ പ്രതീക്ഷിക്കുന്നു.’ കോടതിയിൽ വിശ്വാസമർപ്പിക്കുകയാണെന്ന് ആയൂർ ജവഹർ എച്ച്എസ്എസിലെ പ്രഥമാധ്യാപികയായി വിരമിച്ച മണിമേഖല പറഞ്ഞു.
അഞ്ചൽ ഏറം വെള്ളാശ്ശേരി വീട്ടിലെ കിടപ്പുമുറിയിൽ ഉത്ര (25)യെ പാമ്പുകടിയേറ്റ് മരിച്ച നിലയിൽ കണ്ടത് 2020 മെയ് ഏഴിന് പുലർച്ചെയാണ്. ആറിനു രാത്രി ഉറങ്ങാൻ കിടന്ന ഉത്രയെ ഭർത്താവ് സൂരജ് മൂർഖനെക്കൊണ്ട് കടിപ്പിച്ചു കൊന്നെന്നാണ് കേസ്.