കൊല്ലം > കുറ്റകൃത്യത്തിലെ അപൂർവതകൊണ്ട് ദേശീയ ശ്രദ്ധനേടിയ കേസാണ് ഉത്ര വധം. സ്വത്ത് സ്വന്തമാക്കാനായി ഭിന്നശേഷിയുള്ള അഞ്ചൽ ഏറം വെള്ളാശ്ശേരി വീട്ടിൽ ഉത്ര(25) യെ ഭർത്താവ് സൂരജ് മൂർഖനെക്കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തിയത് ഏവരെയും ഞെട്ടിച്ചു. കേസിന്റെ വിധിക്ക് തിങ്കളാഴ്ച ഏവരും കാതോർക്കും. സമാനരീതിയിലുള്ള സംഭവങ്ങൾ പൂണെ, അഹമ്മദാബാദ് എന്നിവിടങ്ങളിൽ നേരത്തെ നടന്നിരുന്നു. എന്നാൽ, തെളിയിക്കാനായില്ല.
ഉത്രയെ അഞ്ചൽ ഏറത്തെ വീട്ടിലെ കിടപ്പുമുറിയിൽ പാമ്പുകടിയേറ്റ് മരിച്ച നിലയിൽ കണ്ടത് 2020 മെയ് ഏഴിനു രാവിലെയാണ്. ആറിനു രാത്രിയാണ് സൂരജ് ഉത്രയെ മൂർഖനെക്കൊണ്ടു കടിപ്പിച്ചത്. മൂർഖനെ നൽകിയ പാമ്പുപിടിത്തക്കാരൻ സുരേഷ് കേസിൽ മാപ്പുസാക്ഷിയാണ്. സൂരജിന്റെ പറക്കോട്ടെ വീട്ടിൽവച്ച് 2020 മാർച്ച് മൂന്നിന് ഉത്രയെ അണലിയെക്കൊണ്ട് കടിപ്പിച്ചു കൊല്ലാനും ശ്രമം നടന്നിരുന്നു. എന്നാൽ, ഉത്ര രക്ഷപെട്ടു.
അഞ്ചൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതി സൂരജിനെതിരെ കൊലപാതകം, കൊലപാതകശ്രമം, മയക്കുമരുന്ന് കലർത്തിയ പാനീയം നൽകി അപായപ്പെടുത്തൽ, തെളിവു നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. കൊല്ലം ആറാം അഡീഷണൽ സെഷൻസ് കോടതിയിൽ സമർപ്പിച്ച 1000 പേജുള്ള കുറ്റപത്രത്തിൽ 87 സാക്ഷികളുണ്ട്. 286 രേഖയും 40 തൊണ്ടിമുതലും ഹാജരാക്കി. 15 ഡോക്ടർമാരെ വിസ്തരിച്ചു. ശാസ്ത്രീയ തെളിവുകൾ കേസിൽ പ്രോസിക്യൂഷന് പിൻബലമായി.
ഉത്രയെ അണലിയെയും മൂർഖനെയും കൊണ്ട് കടിപ്പിച്ചെന്ന് കേസിലെ പ്രതി സൂരജ് ചോദ്യംചെയ്യലിൽ സമ്മതിച്ചിരുന്നു. ഇത് ശാസ്ത്രീയമായി തെളിയിക്കാനായി ഡമ്മി പരീക്ഷണം നടത്തിയത് കേസിന്റെ പ്രത്യേകതയായി.