ന്യൂഡൽഹി > കൽക്കരിക്ഷാമം അതിരൂക്ഷമായതോടെ മിക്ക സംസ്ഥാനങ്ങളും ഇരുട്ടിലേക്ക്. ഡൽഹി, ഉത്തർപ്രദേശ്, പഞ്ചാബ്, രാജസ്ഥാൻ, ബിഹാർ, ജാർഖണ്ഡ്, തമിഴ്നാട്, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങൾ കടുത്ത പ്രതിസന്ധിയില്. ലോഡ്ഷെഡ്ഡിങ്ങും പവർകട്ടും അനിവാര്യമാകുമെന്ന് സംസ്ഥാനങ്ങൾ അറിയിച്ചു. അടിയന്തരമായി പ്രതിസന്ധി പരിഹരിക്കണമെന്ന് സംസ്ഥാനങ്ങൾ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. മൂന്നോ നാലോ ദിവസത്തിനകം പ്രതിസന്ധി പരിഹരിക്കുമെന്ന് കേന്ദ്രം അവകാശപ്പെട്ടു.
ആകെ വൈദ്യുതി ഉൽപ്പാദനത്തിന്റെ 70 ശതമാനവും കൽക്കരിയെ ആശ്രയിച്ചാണ്. 135 താപവൈദ്യുതനിലയത്തിൽ സാധാരണ 15 മുതൽ 30 ദിവസത്തേക്കുള്ള കൽക്കരി കരുതാറുണ്ട്. നിലവിൽ പകുതിയിലേറെ നിലയങ്ങളിൽ ശേഷിക്കുന്നത് ഒന്നോ രണ്ടോ ദിവസത്തേക്കുള്ള കൽക്കരി മാത്രം.
ഡൽഹിയിൽ പലയിടത്തും അപ്രതീക്ഷിത ലോഡ്ഷെഡ്ഡിങ് ഉണ്ടാകാമെന്ന് ടാറ്റാ പവർ ഡിസ്ട്രിബ്യൂഷൻ ലിമിറ്റഡ് (ടിപിഡിഡിഎൽ) മുന്നറിയിപ്പ് നൽകി. യുപിയിൽ 14 നിലയം താൽക്കാലികമായി അടച്ചിട്ടു. പഞ്ചാബിൽ ഒന്നിടവിട്ട ദിവസത്തില് ലോഡ്ഷെഡ്ഡിങ് തുടങ്ങി. അഞ്ച് നിലയം പ്രവർത്തനം നിർത്തി. രാജസ്ഥാനിൽ ദിവസം ഒരുമണിക്കൂർ ലോഡ്ഷെഡ്ഡിങ്.
തമിഴ്നാട്ടിൽ വരുംദിവസങ്ങളിൽ വൈദ്യുതി മുടങ്ങാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. ആന്ധ്രയിൽ 45 ശതമാനം വൈദ്യുതിയും വിതരണം ചെയ്യുന്ന ആന്ധ്രപ്രദേശ് പവർ ജനറേഷൻ കോർപറേഷന്റെ പ്ലാന്റുകളിൽ ഒന്നോ രണ്ടോ ദിവസത്തേക്കുള്ള കൽക്കരി മാത്രം. ജാർഖണ്ഡ്, ബിഹാർ എന്നിവിടങ്ങളിലും സ്ഥിതി സമാനം.
പ്രതിസന്ധിക്ക് നാല് കാരണമാണ് കേന്ദ്രസർക്കാർ പറയുന്നത്. കോവിഡ് നിയന്ത്രണത്തിലായതോടെ വൈദ്യുതി ഉപയോഗം വർധിച്ചു, സെപ്തംബറിലെ കനത്തമഴ കൽക്കരിഖനികളിലെ ഉൽപ്പാദനത്തെ ബാധിച്ചു, ഇറക്കുമതി ചെയ്യുന്ന കൽക്കരിയുടെ വില കൂടിയതിനാൽ പ്ലാന്റുകളിലെ ഉൽപ്പാദനം കുറച്ചു, കാലവർഷം മുന്നിൽക്കണ്ട് കൂടുതൽ ശേഖരം കരുതാനായില്ല.
അതേസമയം, കൽക്കരി ഖനനം, സംഭരണം തുടങ്ങിയവയിൽ കേന്ദ്രസർക്കാരിന്റെ തെറ്റായ നയങ്ങളാണ് പ്രതിസന്ധി രൂക്ഷമാക്കിയതെന്ന വിമർശം ഉയർന്നു. രാജ്യത്തെ കൽക്കരിപ്രതിസന്ധി അദാനി എന്റർപ്രൈസസ് ഉൾപ്പെടെയുള്ള കോർപറേറ്റുകൾക്ക് വലിയ സാധ്യതയാണ് തുറന്നിടുന്നതെന്നും നിരീക്ഷകർ വിലയിരുത്തുന്നു.
ഊർജപ്രതിസന്ധി ഇല്ലെന്ന് കേന്ദ്രമന്ത്രി
ഊർജപ്രതിസന്ധി ഇല്ലെന്നും കൽക്കരിക്ഷാമം സംബന്ധിച്ച് അനാവശ്യ ആശങ്ക പടർത്തുകയാണെന്നും കേന്ദ്ര ഊർജമന്ത്രി ആർ കെ സിങ്. നാലുദിവസത്തെ കൽക്കരിശേഖരം ഉണ്ട്. ലോഡ്ഷെഡ്ഡിങ്ങും പവർക്കട്ടും ഉണ്ടാകുമെന്ന് ഡൽഹിയിലെ ഉപയോക്താക്കൾക്ക് സന്ദേശങ്ങൾ അയച്ച ബിഎസ്ഇഎസ്, ടാറ്റാപവർ, ഗെയിൽ കമ്പനികൾക്ക് താക്കീത് നൽകിയതായും മന്ത്രി പറഞ്ഞു.
കേന്ദ്രത്തിന്റെ ഉറപ്പ് നിരുത്തരവാദപരമാണെന്ന് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പ്രതികരിച്ചു. ഓക്സിജൻ പ്രതിസന്ധിയിലും സമാന ഉറപ്പാണ് കേന്ദ്രം നൽകിയതെന്നും സിസോദിയ ചൂണ്ടിക്കാട്ടി.
കേരളത്തിനുള്ള വിഹിതവും മുടങ്ങി
സ്വന്തം ലേഖകൻ
തിരുവനന്തപുരം > കൽക്കരിക്ഷാമത്തെ തുടർന്ന് പല നിലയങ്ങളും അടച്ചതോടെ കേരളത്തിനുള്ള വൈദ്യുതി ലഭ്യത ഗണ്യമായി കുറഞ്ഞു. ദീർഘകാല കരാർപ്രകാരം കമ്പനികളിൽ നിന്ന് ലഭിക്കേണ്ട വൈദ്യുതിയും കേന്ദ്രവിഹിതവുമാണ് തടസ്സപ്പെട്ടത്. സംസ്ഥാനത്ത് 3800 മെഗാവാട്ട് വൈദ്യുതിയാണ് പ്രതിദിനം വേണ്ടത്. 1600 മെഗാവാട്ട് ആഭ്യന്തരമായി ഉൽപ്പാദിപ്പിക്കുന്നു. 2200 പുറത്തു നിന്നാണ്. ഇതിൽ 1800 മെഗാവാട്ട് മാത്രമേ ലഭിക്കുന്നുള്ളൂ. ദീർഘകാല കരാർപ്രകാരം ബാൽകൊ, ജാബുവ കമ്പനികളിൽനിന്ന് ലഭിക്കേണ്ട 300 മെഗാവാട്ട് കിട്ടുന്നില്ല. ഇതിനുപുറമെ കേന്ദ്രനിലയങ്ങളിൽ നിന്നുള്ള വിഹിതത്തിലും കുറവുണ്ടായി. അറ്റകുറ്റപ്പണി കാരണം ഉൽപ്പാദനം കുറഞ്ഞെന്നാണ് വിശദീകരണം.
ആഭ്യന്തര ഉൽപ്പാദനം പരമാവധി ഉയർത്തിയും പവർ എക്സ്ചേ ഞ്ചിൽനിന്ന് വൈദ്യുതി വാങ്ങിയും പ്രതിസന്ധി ഒഴിവാക്കാനുള്ള ശ്രമത്തിലാണ് കെഎസ്ഇബി.
കരുതലോടെ ഉപയോഗം; നേരിട്ട് വിളിക്കും
നിലവിൽ നിയന്ത്രണത്തിലേക്ക് കടക്കേണ്ടതില്ലെന്നാണ് കെഎസ്ഇബി തീരുമാനം. ഉപയോഗം കുറയ്ക്കാനുള്ള ബോധവൽക്കരണം ഊർജിതമാക്കും. തിങ്കൾമുതൽ ഉപയോഗം കൂടുതലുള്ളവരെ ഫോണിൽ വിളിക്കും. വൈകിട്ട് ആറ് മുതൽ രാത്രി 11 വരെ വൈദ്യുതി കരുതലോടെ ഉപയോഗിക്കാനാണ് നിർദേശം.