റിസേര്‍ച്ച് ഡെസ്ക് > ഇന്ധനവില കുതിച്ചുയരുന്നതിനിടയിൽ രാജ്യം കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്ക്. കൽക്കരി ക്ഷാമം രൂക്ഷമായത് വൈദ്യുതി ഉൽപ്പാദനത്തെ സാരമായി ബാധിച്ചു. ഇത് കേന്ദ്രസർക്കാർ വരുത്തിവച്ച പ്രതിസന്ധി. കൽക്കരി ഖനനമേഖലയും താപവൈദ്യുതി നിലയങ്ങളും സ്വകാര്യവൽക്കരിച്ചതിന്റെ ദുരന്തഫലം. താപവൈദ്യുതി നിലയങ്ങളിൽ ഉൽപ്പാദനത്തിനാവശ്യമായ കൽക്കരി എത്രയെന്ന് മുൻകൂട്ടി അറിയാവുന്ന സർക്കാരിന് അതിനനുസരിച്ച് കൽക്കരി ഖനനം നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാനായില്ല. ഖനികൾ ലേലത്തില്‍പിടിച്ച സ്വകാര്യ കമ്പനികൾ യഥാസമയം ഉൽപ്പാദനം ആരംഭിച്ചില്ല. ഇവ തിരിച്ചുപിടിച്ച് പൊതുമേഖലയിൽ ഖനനം നടത്താനും കേന്ദ്രം മുതിര്‍ന്നില്ല. സ്വകാര്യമേഖല നല്കുന്ന കല്‍ക്കരിക്കും ഇറക്കുമതി കൽക്കരിക്കും അമിതവില ഈടാക്കുന്നതിനാല്‍ നിലയങ്ങള്‍ സംഭരണം കുറയ്ക്കുകയുംചെയ്തു. അതിനാല്‍ പ്രതിസന്ധി മാസങ്ങൾ നീണ്ടേക്കും. വേനല്‍കാലമാകുന്നതോടെ വൈദ്യുതി ക്ഷാമം രൂക്ഷമാകും. മൊത്തം വൈദ്യുതി ആവശ്യകത നിറവേറ്റാന്‍ രാജ്യത്തെ നിലയങ്ങൾക്ക് ശേഷി ഇല്ല. പല സംസ്ഥാനത്തും പവർകട്ട് പതിവ്. അടച്ചിടല്‍ കടന്ന് സാധാരണനിലയിലേക്ക് വരുന്ന വ്യവസായമേഖലയെ വൈദ്യുതി പ്രതിസന്ധി ബാധിക്കും. കാർഷികമേഖലയിലും പ്രത്യാഘാതമുണ്ടാക്കും.
സ്ഥാപിതശേഷി 3,88,134 മെഗാവാട്ട്
സെൻട്രൽ ഇലക്ട്രിസിറ്റി അതോറിറ്റിയുടെ 2021 ആഗസ്ത് 31ന്റെ റിപ്പോര്‍ട്ട്പ്രകാരം മൊത്തം നിലയങ്ങളുടെ സ്ഥാപിതശേഷി 3,88,134 മെഗാവാട്ട്. ജൈവഇന്ധന നിലയങ്ങളുടെ ശേഷി 2,34,858 മെഗാവാട്ട്(60.9 ശതമാനം). ഇതിൽ കൽക്കരി നിലയങ്ങളുടേത് 2,02,805 മെഗാവാട്ട് (52.6 ശതമാനം). ലിഗ്നൈറ്റ് –-6620 മെഗാവാട്ട് (1.7 ശതമാനം), ഗ്യാസ്–-29,924 മെഗാവാട്ട് (6.5 ശതമാനം), ഡീസൽ –-510 മെഗാവാട്ട് (0.1 ശതമാനം). ഡീസൽ നിലയങ്ങൾ രാജ്യത്ത് ഇപ്പോഴില്ല. നാഫ്ത അടിസ്ഥാനമാക്കിയുള്ള ഉൽപ്പാദനവും കുറച്ചു. ഫലത്തിൽ വൈദ്യുതിഉത്പാദനത്തില് 70 ശതമാനവും കൽക്കരി നിലയങ്ങളിൽനിന്ന്.
ജൈവേതര വൈദ്യുതിയുടെ ഉൽപ്പാദനം കഴിഞ്ഞ വർഷങ്ങളിൽ കൂടിയെങ്കിലും ലക്ഷ്യം കൈവരിച്ചിട്ടില്ല. സ്ഥാപിത ശേഷിയുടെ 37.9 ശതമാനം (1,47,096 എംഡബ്ല്യു) ഈ മേഖലയിൽനിന്നാണ്. സൗരോർജം, കാറ്റ് തുടങ്ങിയ പാരമ്പേര്യതര മേഖലയിലെ ശേഷി 1,00,683 മെഗാവാട്ടും (25.9 ശതമാനം) ജലവൈദ്യുതി പദ്ധതികളുടെ ശേഷി 46,412 മെഗാവാട്ടും (12 ശതമാനം).
വൈദ്യുതി ഉൽപ്പാദനം വർധിപ്പിക്കാനും ജൈവ ഇന്ധനങ്ങളുടെ ആശ്രയം കുറയ്ക്കാനുമെന്നു പറഞ്ഞ് അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളുമായി ആണവകരാറിൽ ഒപ്പിട്ടെങ്കിലും ആണവനിലയങ്ങളുടെ സ്ഥാപിതശേഷി 6780 മെഗാവാട്ട് മാത്രം. മൊത്തം ശേഷിയുടെ 1.7 ശതമാനം. ഇന്ത്യയുടെ സൈനികമേഖല അമേരിക്കയ്ക്കു മുന്നിൽ തുറന്നിട്ടുകൊണ്ടാണ് 2008ൽ ആണവ കരാറിൽ ഒപ്പിട്ടത്. 13 വർഷം കഴിഞ്ഞിട്ടും പുതിയ ആണവനിലയം സജ്ജമായില്ല. ഫ്രാൻസ്, ജപ്പാൻ സഹകരണ കരാറും യഥാർഥ്യമായില്ല. റഷ്യന്‍ സഹായമുള്ള കൂടംകുളം നിലയത്തിൽനിന്നാണ് മൊത്തം ആണവവൈദ്യുതിയുടെ പകുതിയും ഉൽപ്പാദിപ്പിക്കുന്നത്.
പരമാവധി ഉൽപ്പാദിപ്പിച്ചാലും കമ്മി
വൈദ്യുതി ആവശ്യകത ഏറ്റവും ഉയർന്നുനിൽക്കുന്ന സമയത്ത് പരമാവധി ഉൽപ്പാദനം നടത്തിയാലും കമ്മി നേരിടുന്നു. ഒന്നരപ്പതിറ്റാണ്ടായി ഇതാണ് സ്ഥിതി. സ്ഥാപിതശേഷിയുടെ- 75 ശതമാനംവരെയാണ് പ്രതിദിന ഉൽപ്പാദനം. 20190–-20ൽ ആവശ്യകത 12,91,010 ദശലക്ഷം യൂണിറ്റായിരുന്നു. എന്നാൽ, ഉൽപ്പാദനം (ഭൂട്ടാനിൽനിന്നുള്ള ഇറക്കുമതി ഉൾപ്പെടെ) 12,84,444 ദശലക്ഷം യൂണിറ്റും. 2020–21ൽ ലോക്ഡൗണിനെ തുടർന്ന് ആവശ്യകത 12,75,534 ദശലക്ഷം യൂണിറ്റായി കുറഞ്ഞു. ഉൽപ്പാദനത്തിലും വൻ ഇടിവുണ്ടായി. 12.70,663 ദശലക്ഷം യൂണിറ്റായിരുന്നു ഉൽപ്പാദനം. നടപ്പുസാമ്പത്തികവർഷം ആഗസ്ത് 31 വരെ ആവശ്യത്തിന് വൈദ്യുതി ഉൽപ്പാദിപ്പിക്കാനായിട്ടില്ല. കൽക്കരി കിട്ടാതെവന്നതോടെ സെപ്തംബർ മൂന്നാംവാരംമുതൽ ഉൽപ്പാദനവും ആവശ്യകതയും തമ്മിലുള്ള അന്തരം രൂക്ഷമായി.