ന്യൂഡൽഹി > ലഖിംപുർ ഖേരിയിൽ കർഷകരെ കാറിടിച്ച് കൊന്ന കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ മകൻ ആശിഷ്മിശ്രയെ 14 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. 12 മണിക്കൂർ ചോദ്യം ചെയ്യലിനുശേഷം ശനി രാത്രി വൈകി അറസ്റ്റ് രേഖപ്പെടുത്തി അർധരാത്രിയോടെ ജുഡീഷ്യൽ മജിസ്ട്രേട്ട് മുമ്പാകെ ഹാജരാക്കി. കസ്റ്റഡിയിൽ വേണമെന്ന യുപി പൊലീസിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. ആശിഷ് മിശ്രയെ പിന്നീട് ജില്ലാ ജയിലിലേക്ക് മാറ്റി. ചോദ്യംചെയ്യേണ്ടതിനാൽ കസ്റ്റഡിയിൽ വേണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച പൊലീസ് ലഖിംപുർ കോടതിയെ സമീപിക്കും.
ആഭ്യന്തരസഹമന്ത്രിയുടെ നില പരുങ്ങലിൽ
കർഷകരെ കൊലപ്പെടുത്തിയ കേസിൽ മകൻ അറസ്റ്റിലായതോടെ കേന്ദ്ര ആഭ്യന്തരസഹമന്ത്രി അജയ്മിശ്രയുടെ നില പരുങ്ങലിൽ. സംഭവത്തിൽ തനിക്കോ മകനോ പങ്കില്ലെന്ന നിലപാടാണ് മന്ത്രി തുടക്കംമുതൽ സ്വീകരിച്ചത്. മകന്റെ അറസ്റ്റോടെ ഈ വാദം പൊളിഞ്ഞു. പ്രതിയുടെ പിതാവ് ആഭ്യന്തരസഹമന്ത്രിയായിരിക്കെ ഇരകൾക്ക് എങ്ങനെ നീതി ലഭിക്കുമെന്ന ചോദ്യം ശക്തമായി. അജയ്മിശ്രയുടെ രാജിയും അറസ്റ്റും ആവശ്യപ്പെട്ട് പ്രക്ഷോഭം ശക്തമാക്കാനാണ് കർഷകസംഘടനകളുടെ തീരുമാനം. കർഷകർക്ക് എതിരെ വിദ്വേഷപ്രസംഗം നടത്തിയ മന്ത്രിക്ക് കൂട്ടക്കുരുതിയുടെ ഉത്തരവാദിത്വത്തിൽനിന്ന് ഒഴിയാനാകില്ലെന്ന് സംയുക്ത കിസാൻ മോർച്ച വ്യക്തമാക്കി. ഗൂഢാലോചനയിലും തെളിവുകൾ നശിപ്പിക്കുന്നതിലും മന്ത്രിക്ക് പങ്കുണ്ട്. അജയ് മിശ്രയെ ഉടൻ കേന്ദ്രമന്ത്രിസഭയിൽനിന്ന് പുറത്താക്കി അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടു.
ഉത്തർപ്രദേശ് തെരഞ്ഞെടുപ്പ്കൂടി അടുത്ത സാഹചര്യത്തിൽ കേന്ദ്രസർക്കാരിനും ബിജെപിക്കും അജയ്മിശ്രയുടെ കാര്യത്തിൽ ഉടൻ തീരുമാനമെടുക്കേണ്ടി വരും.