പുതുച്ചേരി> തദ്ദേശ തെരഞ്ഞെടുപ്പിനെതിരെ പുതുച്ചേരിയില്‍ തിങ്കളാഴ്ച കോണ്‍ഗ്രസ് ബന്ദ്. ഡിഎംകെ–കോണ്‍ഗ്രസ് സംയുക്തയോഗത്തിലാണ് തീരുമാനം. പിന്നോക്കജാതി–പട്ടിക വര്‍ഗ സംവരണം പുന:സ്ഥാപിക്കുന്നത് വരെ തെരഞ്ഞെടുപ്പ് നിര്‍ത്തിവെക്കണമെന്നാണ് ആവശ്യം.
നവംബര്‍ രണ്ടിന് ആദ്യഘട്ട തെരഞ്ഞെടുപ്പ് നടത്തുന്ന പുതുച്ചേരി, ഒഴുകരൈ നഗരസഭകളില്‍ തിങ്കളാഴ്ച മുതല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. ഇത് തടഞ്ഞ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് കോണ്‍ഗ്രസ് ശ്രമം.ബിജെപി, കോണ്‍ഗ്രസ്, എന്‍ആര്‍ കോണ്‍ഗ്രസ്, ഡിഎംകെ പാര്‍ടികള്‍ ശനിയാഴ്ച ലെഫ്. ഗവര്‍ണര്‍ തമിഴിസൈ സൗന്ദര്‍രാജനെ സന്ദര്‍ശിച്ച് തെരഞ്ഞെടുപ്പ് നീട്ടിവെക്കാനും തെരഞ്ഞെടുപ്പ് കമ്മീഷണറെ തിരിച്ചുവിളിക്കാനും ആവശ്യപ്പെട്ടിരുന്നു.
ഇതിന്റെ തുടര്‍ച്ചയായാണ് സംവരണ പ്രശ്നമുയര്‍ത്തിയുള്ള ബന്ദ്. 2006ലാണ് സംസ്ഥാനത്ത് ഒടുവില്‍ തദ്ദേശതെരഞ്ഞെടുപ്പ് നടന്നത്. കാലാവധി കഴിഞ്ഞിട്ടും തെരഞ്ഞെടുപ്പ് നടത്താന്‍ കോണ്‍ഗ്രസും എന്‍ആര്‍ കോണ്‍ഗ്രസും ബിജെപിയും തയാറായില്ല. സിപിഐ എംപ്രവര്ത്തകന് അഡ്വ ടി അശോക് കുമാറിന്റെ ഹര്‍ജിയില്‍ 16 വര്‍ഷത്തിന് ശേഷം തദ്ദേശതെരഞ്ഞെടുപ്പ് നടക്കുമ്പോഴാണ് അട്ടിമറിക്കാന്‍ കോണ്‍ഗ്രസും ബിജെപിയും ഒന്നിക്കുന്നത്.
സെപ്തംബര്‍ 22ന് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ ഭരണകക്ഷി എംഎല്‍എയാണ് മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഹൈക്കോടതി ഉത്തരവ് പ്രകാരം പട്ടികവര്‍ഗ–പിന്നോക്ക ജാതി സംവരണം റദ്ദാക്കി തെരഞ്ഞെടുപ്പ് തീയതി പുതുക്കിയപ്പോഴാണ് ഭരണ–പ്രതിപക്ഷ പാര്‍ടികള്‍ രംഗത്തുവന്നത്.
സിപിഐ എം ഒഴികെ മറ്റ് പാര്‍ടികളെല്ലാം തെരഞ്ഞെടുപ്പ് നടത്തുന്നതിന് എതിരാണ്.