തിരുവനന്തപുരം> യാത്രക്കാര്‍ കൂടുതല്‍ ആവശ്യപ്പെടുന്ന സ്ഥലങ്ങളിലേക്ക് യാത്രാസൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി മലക്കപ്പാറയിലേക്ക് കൂടുതല്‍ സര്‍വ്വീസുകള്‍ നടത്തുന്ന പദ്ധതിയുമായി കെഎസ്ആര്‍ടിസി. നിലവില്‍ ചാലക്കുടി ഡിപ്പോയില്‍ നിന്നും യാത്രക്കാരുടെ ആവശ്യപ്രകാരം പ്രതിദിനം ആറ് സര്‍വ്വീസുളാണ് മലക്കപ്പാറയിലേക്ക് നടത്തുന്നത്. ഇനിയും യാത്രക്കാര്‍ കൂടുന്ന പക്ഷം കൂടുതല്‍ യാത്രാ സൗകര്യം ഒരുക്കാനാണ് കെഎസ്ആര്‍ടിസിയുടെ തീരുമാനം.
ചാലക്കുടിയില്‍ നിന്നും 30 കിലോമീറ്റര്‍ അകലെയുള്ള ആതിരപ്പള്ളി വെള്ളച്ചാട്ടം. ചാര്‍പ്പ വെള്ളച്ചാട്ടം, പെരിങ്ങള്‍ക്കുത്ത് ഡാം തുടങ്ങിയവ കണ്ട് കാടിനുള്ളില്‍ കൂടിയുള്ള 90 കിലോമീറ്റര്‍ യാത്രയാണ് മലക്കപ്പാറയിലേക്കുള്ളത്. പ്രകൃതി രമണീയമായ തേയിലതോട്ടം ഉള്‍പ്പെടെ കണ്ട് തിരികെ വരാന്‍ ഒരാള്‍ക്ക് ഓര്‍ഡിനറി ടിക്കറ്റ് നിരക്കായ 204 രൂപയാണ് ഇരുവശത്തേക്കുമുള്ള ടിക്കറ്റ് നിരക്ക്.
പെരിങ്ങല്‍കുത്ത് ഡാം പ്രദേശത്ത് ഇറങ്ങാന്‍ വനം വകുപ്പിന്റെ അനുവാദമില്ലാത്തതിനാല്‍ ബസിനുള്ളില്‍ ഇരുന്നുകൊണ്ട് ഡാം സൈറ്റ് കാണാനുള്ള സൗകര്യം കെഎസ്ആര്‍ടിസി ഒരുക്കിയിട്ടുണ്ട്. യാത്രക്കാരുടെ ആവശ്യാനുസരണം രാവിലെ 7 മണി മുതല്‍ മലക്കപ്പാറയിലേക്കുള്ള സര്‍വ്വീസുകള്‍ ആരംഭിക്കും. ഏകദേശം മുക്കാല്‍ മണിക്കൂര്‍ യാത്രകൊണ്ട് ആദ്യ സ്റ്റോപ്പായ അതിരപ്പിള്ളി വെള്ളച്ചാട്ടത്തിലെത്തും. അവിടെ യാത്രക്കാര്‍ക്ക് വെള്ളച്ചാട്ടം കാണാനുള്ള സൗകര്യവും ഉണ്ട്.
പിന്നീടങ്ങോട്ട് വനമേഖലയിലുടേയാണ് യാത്ര. പാലക്കാട് ജില്ലയിലെ നെല്ലിയാമ്പതി, പറമ്പിക്കുളം ,തൃശ്ശൂര്‍ ജില്ലയിലെ ചിമ്മിനി, ഷോളയൂര്‍, ഇടുക്കി ജില്ലയിലെ ഇടമലക്കുടി, മാങ്കുളം എല്ലാം ഉള്‍പെടുന്ന നിബിഡമായ വനത്തിലൂടെയാണ് യാത്ര. അതിരപ്പിള്ളി കഴിഞ്ഞാല്‍ മഴക്കാടുകളാണ്. ചാര്‍പ്പ വെള്ളച്ചാട്ടത്തിലാണ് അടുത്ത സ്റ്റോപ്പ്. തുടര്‍ന്ന് വാഴച്ചാല്‍ വഴി ചാലക്കുടി പുഴയോരത്ത് കൂടെയാണ് യാത്ര. പിന്നീട് പോകുന്നത് പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ റിസര്‍വോയര്‍ വഴിയാണ്. തുടര്‍ന്ന് ഷോളയാര്‍ പവര്‍ ഹൗസ് കഴിഞ്ഞ് മലക്കപ്പാറയെത്താന്‍ ഏകദേശം 4 മണിക്കൂറാണ് യാത്ര സമയം.
നിലവില്‍ യാത്രക്കാരുടെ ആവശ്യാനുസരണം റിസര്‍വേഷന്‍ സൗകര്യം ഏര്‍പ്പെടുത്താനുള്ള ശ്രമത്തിലാണ് കെഎസ്ആര്‍ടിസി. ദിവസേന 300 യാത്രക്കാരെ ഉള്‍പ്പെടുത്തിയുള്ള പാക്കേജും നടപ്പിലാക്കാനാണ് ശ്രമം.