പാലക്കാട്: രാജ്യം നേരിടുന്ന ഗുരുതരമായകൽക്കരിക്ഷാമം കേരളത്തേയും ബാധിക്കുന്നു. ഊർജപ്രതിസന്ധി സംസ്ഥാനത്തെബാധിച്ചുകഴിഞ്ഞതായും ഇതിനെ നേരിടാൻ സംസ്ഥാനത്ത്പവർകട്ട് ഏർപ്പെടുത്തേണ്ടി വരുമെന്ന് വൈദ്യുതിമന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു. കേന്ദ്രത്തിൽ നിന്ന് ലഭിക്കുന്ന വൈദ്യുതിയിൽആയിരം മെഗാവാട്ടിന്റെകുറവുണ്ടായിട്ടുണ്ട്. കൂടംകുളത്ത് നിന്ന് 30 ശതമാനം മാത്രമാണ് കഴിഞ്ഞ ദിവസം ലഭിച്ചത്.കൽക്കരി ക്ഷാമം ഉടൻ പരിഹരിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നില്ല.അതുകൊണ്ടാണ് പവർകട്ടിലേക്ക് പോകേണ്ടിവരുമെന്ന് പറയുന്നത്. വൈദ്യുതി പ്രതിസന്ധി സംബന്ധിച്ച് കെ.എസ്.ഇ.ബി കാര്യങ്ങൾ കൃത്യമായി നിരീക്ഷിച്ചുവരികയാണ്.ജനങ്ങൾ വൈദ്യുതി ഉപയോഗം നിയന്ത്രിക്കണമെന്ന് കെ.എസ്.ഇ.ബി ആവശ്യപ്പെട്ടിട്ടുണ്ട്-മന്ത്രി പറഞ്ഞു.
രാജ്യത്ത് കൽക്കരിയുടെ ലഭ്യതയിൽ വലിയതോതിലുള്ള ഇടിവ് നേരിട്ടതിനാൽകേരളത്തിന് പുറത്തുനിന്നും ലഭിക്കേണ്ടിയിരുന്ന വൈദ്യുതിയിൽ വ്യാഴാഴ്ച വരെ ഏകദേശം 220 മെഗാവാട്ട് വൈദ്യുതിയുടെ കുറവ് ഉണ്ടാകും. ഈ കുറവ് പരിഹരിക്കുന്നതിനുള്ള ശ്രമം നടത്തുന്നതിനാൽ വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ലെന്നാണ് കെ.എസ്.ഇ.ബി പറയുന്നതെങ്കിലും കേന്ദ്ര വിഹിതം വെട്ടിക്കുറയ്ക്കുകയും പ്രതിസന്ധി തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വന്നേക്കുമെന്ന് കെ.എസ്.ഇ.ബി ചെയർമാൻ പറഞ്ഞു.
കേരളത്തെ സംബന്ധിച്ച് മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി ജലവൈദ്യുത പദ്ധതികളെയാണ് കേരളം വൈദ്യുതി ഉത്പാദനത്തിന് ആശ്രയിക്കുന്നത്. എന്നാൽ അതുകൊണ്ട് കേരളത്തിൽ പ്രതിസന്ധിയുണ്ടാകില്ലെന്ന് പറയാൻ കഴിയില്ല. സംസ്ഥാനത്തിന് മൊത്തം ആവശ്യമുള്ളതിൽ 20 ശതമാനം മാത്രമാണ് ജലവൈദ്യുത പദ്ധതികളിൽ നിന്ന് ലഭിക്കുന്നത്. കേന്ദ്ര വിഹിതം വെട്ടിക്കുറച്ചസാഹചര്യത്തിൽ കാര്യങ്ങൾ നിയന്ത്രണത്തിന് അപ്പുറത്തേക്ക് പോയാൽ കേരളത്തിനും നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരും.
കൽക്കരിക്ഷാമം രൂക്ഷമായതോടെരാജ്യത്തെ മിക്ക സംസ്ഥാനങ്ങളും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിത്തുടങ്ങി. കൽക്കരിയുടെ ദൗർലഭ്യമാണ് പ്രതിസന്ധിക്ക് പ്രധാന കാരണം. രാജ്യത്തിന് ആവശ്യമായ 70 ശതമാനം വൈദ്യുതിയും ഉത്പാദിപ്പിക്കുന്നത് താപ വൈദ്യുത നിലയങ്ങളിൽ നിന്നാണ്. ഉത്തർപ്രദേശ്, രാജസ്ഥാൻ, പഞ്ചാബ്, ഡൽഹി, ആന്ധ്ര, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് പ്രതിസന്ധി രൂക്ഷമാകുന്നത്.
താപനിലയങ്ങളിലെ പ്രവർത്തനം നിലച്ചതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. പ്രശ്നത്തിന് പരിഹാരം കാണാൻ സംസ്ഥാനങ്ങൾ ബദൽ മാർഗങ്ങൾ ആരംഭിച്ച് തുടങ്ങി. പഞ്ചാബ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങൾ പവർകട്ട് ഏർപ്പെടുത്തിക്കഴിഞ്ഞു. ഉത്തർപ്രദേശിൽ 14 താപവൈദ്യുത നിലയങ്ങൾ കൽക്കരി ദൗർലഭ്യത്തെ തുടർന്ന് അടച്ച് പൂട്ടി. സംസ്ഥാനത്ത് ഗ്രാമീണ മേഖലകളിൽ അഞ്ച് മണിക്കൂർ വരെ പവർക്കട്ട്ഏർപ്പെടുത്തിയിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന ഡൽഹി സമ്പൂർണ ബ്ലാക്ക്ഔട്ടിലേക്ക് പോകുന്ന സാഹചര്യമുണ്ട്.
രാജ്യത്ത് നിലവിലുള്ള പ്രതിസന്ധിക്ക് നാല് പ്രധാന കാരണങ്ങളാണ് കേന്ദ്ര സർക്കാർ നൽകുന്നത്. ഊർജോത്പാദനത്തിന് ആവശ്യമായ കൽക്കരിയുടെ ആവശ്യം ഗണ്യമായി ഉയർന്നതാണ് പ്രധാന കാരണം. സെപ്റ്റംബർ മാസത്തിൽ ഖനി മേഖലയിൽ പെയ്ത കനത്ത മഴ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഉത്പാദനത്തേയും വിതരണത്തേയും ഇത് ബാധിച്ചിട്ടുണ്ട്. ഇറക്കുമതി ചെയ്ത കൽക്കരിയുടെ വില വൻ തോതിൽ ഉയർന്നിട്ടുണ്ട്. നമ്മുടെ ആവശ്യത്തിന്റെ 25 ശതമാനത്തിൽ അധികവും ഇറക്കുമതി ചെയ്യുന്ന കൽക്കരി ഉപയോഗിച്ചാണ് ഉത്പാദിക്കുന്നത്. അതോടൊപ്പം തന്നെ കരുതൽ ശേഖരണമുണ്ടായതുമില്ല.
ആഗോള പ്രതിസന്ധിയാണെങ്കിലും മുൻകൂട്ടിയുള്ള തയ്യാറെടുപ്പുകൾ നടത്താതിരുന്നതും പ്രതിസന്ധിയുടെ ആക്കം കൂട്ടിയിട്ടുണ്ട്. കോവിഡ് മഹാമാരിക്കാലത്തെ വൈദ്യുതി ഉപയോഗത്തെക്കാൾ കൂടുതലാകും വരാനിരിക്കുന്നതെന്ന് മുൻകൂട്ടിക്കാണാൻ സർക്കാരിന് കഴിഞ്ഞില്ലെന്നതാണ് വസ്തുത. ഈ പ്രതിസന്ധി അത്ര എളുപ്പത്തിൽ അവസാനിക്കുന്ന ഒന്നല്ല. ഖനി മേഖലയിൽ കാര്യങ്ങൾ സാധാരണഗതിയിലേക്ക് തിരിച്ചെത്താൻ ഇനിയും സമയം വേണ്ടിവരും. അതുകൊണ്ട് തന്നെ സംസ്ഥാനങ്ങൾ കൂടുതൽ നിയന്ത്രണങ്ങളിലേക്ക് പോകാൻ സാധ്യതയുണ്ട്.
Content Highlights: energy crisis hitting indian states badly