താനൂർ > 16 ലക്ഷം രൂപയുടെ കുഴൽപണവുമായി ഒരാൾ താനൂർ പൊലീസ് പിടിയിൽ. തിരൂരങ്ങാടി കൊട്ടുവലക്കാട് സ്വദേശി കുറുതോടി കാസിമാണ് അറസ്റ്റിലായത്. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് താനൂർ ഡിവൈഎസ്പി മൂസ വള്ളിക്കാടന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
കോയമ്പത്തൂർ നിന്ന് എത്തിക്കുന്ന പണം താനൂരിലും പരിസര പ്രദേശങ്ങളിൽ വിതരണം ചെയ്യുകയാണ് പതിവ്. കോയമ്പത്തൂർ – കണ്ണൂർ എക്സ്പ്രസ് ട്രെയിനിൽ കോയമ്പത്തൂരിൽ നിന്നും 16 ലക്ഷം രൂപ 500, 2000 രൂപയുടെ കെട്ടുകൾ ബെൽറ്റ് പോലെ അരയിൽ കെട്ടിയും ദേഹത്തു ഒളിപ്പിച്ചുമാണ് പണം കടത്തിയത്. ഇതിനിടയിലാണ് പൊലീസ് സംഘം തന്ത്രപൂർവം ഇയാളെ വലയിലാക്കിയത്. പ്രതി മുമ്പും കുഴൽ പണവുമായി പിടിയിലായിട്ടുണ്ട്. സിഐ കെ ജെ ജിനേഷ്, എസ്ഐമാരായ എൻ ശ്രീജിത്ത്, ഹരിദാസ്, സിപിഒമാരായ കെ സലേഷ്, വിപിൻ, ജിനേഷ്, സുബൈർ, സാജൻ എന്നിവരും ഡാൻസഫ് സ്ക്വാഡും സംഘത്തിലുണ്ടായിരുന്നു.