ചാവക്കാട്
ആദ്യ ഇ എം എസ് സർക്കാരിനും കമ്യൂണിസ്റ്റ് പാർടിക്കുമെതിരായ നുണപ്രചാരണത്തിന് മാതൃഭൂമി ‘കൊന്നുതള്ളിയ’ എഴുത്തുകാരൻ ചാവക്കാട് തിരുവത്രയിലെ എച്ച് കോനാരത്ത് (കോനാരത്ത് ഹമീദ്–- 84) വിടവാങ്ങി. ഞായർ പുലർച്ചെയായിരുന്നു അന്ത്യം. സംസ്കാരം നടത്തി.
വിമോചനസമരകാലത്ത് കമ്യൂണിസ്റ്റ് പാർടിയെ കൊലപാതകികളുടെ പാർടിയായി ചിത്രീകരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായിരുന്നു മാതൃഭൂമി പ്രസിദ്ധീകരിച്ച വ്യാജവാർത്ത. 63 വർഷം മുമ്പ് ഈ വാർത്ത വൻ കോളിളക്കം സൃഷ്ടിച്ചു. വിമോചന സമരം ആളിക്കത്തിക്കാൻ മാതൃഭൂമിയും മനോരമയും മത്സരിക്കുന്ന കാലത്താണ് കോനാരത്തിന് സ്വന്തം മരണവാർത്ത വായിക്കേണ്ടി വന്നത്. 1958ലാണ് മാതൃഭൂമി മുൻപേജിൽ വാർത്ത പ്രസിദ്ധീകരിച്ചത്. ചാവക്കാടിനടുത്ത് തിരുവത്രയിൽ ഹമീദ് എന്ന ചെറുപ്പക്കാരനെ കമ്യൂണിസ്റ്റുകാർ മൃഗീയമായി കൊന്ന് കുഴിച്ചിട്ടതായാണ് വാർത്ത. മൃതദേഹം കഷ്ണമാക്കി പലയിടങ്ങളിലായി കുഴിച്ചിട്ടു. ഒരു ഭാഗം കണ്ടെടുത്തു… ഇങ്ങനെ നുണവാർത്ത പൊലിപ്പിച്ചു. പ്രതിപക്ഷം സർക്കാരിനും കമ്യൂണിസ്റ്റ് പാർടിക്കുമെതിരെ വൻ പ്രക്ഷോഭം തുടങ്ങി. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മാതൃഭൂമിയുടെ കള്ളത്തരം വെളിച്ചത്തായത്. ഖേദപ്രകടനം നടത്തിയാണ് മാതൃഭൂമി തടിയൂരിയത്. നാടകരചയിതാവും നടനുമായി പേരെടുത്താണ് പിന്നീട് ഹമീദിന്റെ ജീവിതം. ഭാര്യ. ആമിനു. മക്കൾ: ഷാലി, ഷീന, റീന, റീജ, ജിഷ (അധ്യാപിക–- ഹയർ സെക്കൻഡറി സ്കൂൾ പുലാമന്തോൾ). മരുമക്കൾ: റഷീദ് , അബ്ദുൾ ഖാദർ, ലുക്ക്മാൻ, ഉമ്മർ ഫാറൂഖ് ( അധ്യാപകൻ–- മറിയുമ്മ മെമ്മോറിയൽ സ്കൂൾ, കൊപ്പം)