കൊച്ചി: ജില്ലയിൽ കോവിഡ് വ്യാപനം കുറഞ്ഞതോടെ പൂർണതോതിൽ പ്രവർത്തനം പുനഃരാരംഭിച്ച് കളമശ്ശേരി സർക്കാർ മെഡിക്കൽ കോളേജ്. എല്ലാ വിഭാഗവും തുറന്ന് പ്രവർത്തനം ആരംഭിച്ചതോടെ മുടങ്ങിക്കിടന്ന ചികിത്സകൾ പുനഃരാരംഭിക്കാൻ നിരവധി പേർ മെഡിക്കൽ കോളേജിലേക്ക് എത്തിതുടങ്ങി.
സെപ്റ്റംബർ മാസം കാർഡിയോളജി വിഭാഗത്തിൽ ആൻജിയോഗ്രാം, ആൻജിയോപ്ലാസ്റ്റി എന്നിവയടക്കമുള്ള ചികിത്സകൾ ലഭ്യമാക്കിയിരുന്നു. ആരോഗ്യ സുരക്ഷാ പദ്ധതി (കാസ്പ്) ഗുണഭോക്താക്കളായ 16 പേർക്ക് കോറോണറി ആൻജിയോഗ്രാം, കാരുണ്യ ബനവലന്റ് ഫണ്ട് (കെബിഎഫ്) ഗുണഭോക്താക്കളായ 6 പേർക്കും മറ്റു 11 പേർക്കും കോറോണറി ആൻജിയോപ്ലാസ്റ്റിയും നടത്തി. കോവിഡ് ചികിത്സയും മറ്റ് രോഗങ്ങൾക്കുള്ള ചികിത്സയും പ്രത്യേകമാണ് നടത്തുന്നത്. അതിനാൽ കോവിഡ് ഭയം വേണ്ടെന്നും മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ഗണേഷ് മോഹൻ പറഞ്ഞു.
ഇക്കഴിഞ്ഞ ഏപ്രിലിൽ ജില്ലയിൽ കോവിഡ് വ്യാപനം അതിരൂക്ഷമായിരുന്നതിനാൽ കളമശ്ശേരി മെഡിക്കൽ കോളേജിനെ പൂർണമായും കോവിഡ് ചികിത്സാകേന്ദ്രമാക്കി മാറ്റാൻ തീരുമാനിക്കുകയായിരുന്നു. ഐസിയു, ഓക്സിജൻ സൗകര്യം ആവശ്യമുള്ള രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിലാണ് അടിയന്തര നടപടി. തുടർച്ചയായ ദിവസങ്ങളിൽ നാലായിരത്തിന് മുകളിലായിരുന്നു രോഗബാധിതരുടെ എണ്ണം.