അഞ്ചൽ > പുണെയിൽ താമസിക്കുന്നിടത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ ഫാഷൻ ഡിസൈനറായ മലയാളി യുവതിയുടെ മൃതദേഹം നാട്ടിലെത്തിച്ചു സംസ്കരിച്ചു. അഞ്ചൽ പൊടിയാട്ടുവിള മധുമന്ദിരത്തിൽ മധുസൂദനൻപിള്ളയുടെയും അംബികയുടെയും മകൾ പ്രീതി (27)യുടെ മൃതദേഹം ശനിയാഴ്ച രാവിലെയാണ് നാട്ടിലെത്തിച്ചത്. ഉച്ചയോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. മകളുടെ മരണത്തിന് ഉത്തരവാദി അഖിലാണെന്ന് അച്ഛനമ്മമാർ പറയുന്നു.
ഭർത്താവ് അഖിലിനും ഭർത്താവിന്റെ അമ്മ സുധയ്ക്കുമൊപ്പം പുണെയിൽ താമസിച്ചുവരികയായിരുന്ന പ്രീതിയെ ബുധനാഴ്ച വൈകിട്ടാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആലപ്പുഴ മുല്ലക്കൽ ക്ഷേത്രത്തിനു സമീപത്തെ വിപിന്റെയും സുധയുടെയും മകനായ അഖിൽ പുണെയിൽ ടയർ ബിസിനസ് നടത്തുകയാണ്. ആറുവർഷം മുമ്പായിരുന്നു വിവാഹം. 123 പവൻ സ്ത്രീധനമായി നൽകിയിരുന്നുവത്രെ.
പിന്നീടും പലതവണയായി 83 ലക്ഷം നൽകിയതായി പ്രീതിയുടെ അച്ഛൻ മധുസുദനൻപിള്ള പറഞ്ഞു. കൂടുതൽ പണം ആവശ്യപ്പെട്ട് അഖിൽ മകളെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്ന് അച്ഛൻ മധുസൂദനൻപിള്ള പറഞ്ഞു. അഖിൽ പീഡിപ്പിക്കുകയും മർദിക്കുകയും ചെയ്തിരുന്നതായി പ്രീതി പറഞ്ഞതായും വീഡിയോ അയച്ചുകൊടുത്തതായും സുഹൃത്ത് പുണെ പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്. അഖിലിനെയും അമ്മ സുധയെയും പൊലീസ് കഴിഞ്ഞ ദിവസം തന്നെ കസ്റ്റഡിയിലെടുത്തിരുന്നു. സുധയെ ചോദ്യംചെയ്യലിനുശേഷം വിട്ടയച്ചു.