തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരേമൊഴി നൽകാൻ ഇ.ഡി നിർബന്ധിച്ചെന്ന് ജയിൽമോചിതനായ സന്ദീപ് നായർ. മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ ഓഫീസിനും സ്വർണക്കടത്തിനെ കുറിച്ച് എല്ലാമറിയാം എന്ന് മൊഴി നൽകിയാൽ മാപ്പ് സാക്ഷിയാക്കാമെന്ന ഓഫറാണ് ഇ.ഡി നൽകിയതെന്നും സന്ദീപ് പറഞ്ഞു. മുൻമന്ത്രി കെ.ടി ജലീൽ, അന്നത്തെ സ്പീക്കർ ശ്രീരാമകൃഷ്ണൻ എന്നിവർക്കെതിരെയും മൊഴി നൽകാൻ നിർബന്ധിച്ചുവെന്നും സന്ദീപ് പറയുന്നു.
ബിനീഷ് കോടിയേരിക്കെതിരേ മൊഴി നൽകണമെന്നും ഇ.ഡി ആവശ്യപ്പെട്ടുവെന്നും തന്നിൽ നിന്ന് ചില പേപ്പറുകളിൽ ഒപ്പിട്ട് നൽകണമെന്നും ആവശ്യപ്പെട്ടതായും സന്ദീപ് നായർ വെളിപ്പെടുത്തുന്നു. ഒരു രാഷ്ട്രീയപാർട്ടിക്കെതിരെയുള്ള കരുനീക്കമാണെന്ന് മനസ്സിലായപ്പോഴാണ് കോടതിയോട് സംസാരിക്കണമെന്ന ആവശ്യം മുന്നോട്ടുവെച്ചത്. ഇതിനെ തുടർന്നാണ് കോടതി തന്നെ മാപ്പ് സാക്ഷിയാക്കിയത്.
നിരവധി പേപ്പറുകളിൽ ഒപ്പിടാൻ ഇ.ഡി ആവശ്യപ്പെട്ടപ്പോൾ താൻ സമ്മർദത്തിലായെന്നും അവർ ആ രേഖകളൊന്നും കോടതിയിൽ ഹാജരാക്കിയില്ലെന്നും സന്ദീപ് പറയുന്നു. കെ.ടി ജലീലിന് കോൺസുലേറ്റ് വഴിയുള്ള കള്ളപ്പണ ഇടപാടിൽ പങ്കുണ്ടെന്ന് മൊഴി നൽകാനായിരുന്നു നിർബന്ധിച്ചത്. സ്പീക്കർക്കെതിരേ മൊഴി നൽകണമെന്നും ആവശ്യപ്പെട്ടു. സ്പീക്കർ ശ്രീരാമകൃഷ്ണൻ തന്റെ കട ഉദ്ഘാടനം ചെയ്തത് ക്ഷണിച്ചതിന്റെ അടിസ്ഥാനത്തിലാണെന്നും അദ്ദേഹത്തിന് സ്വപ്നയുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്ന് തനിക്ക് അറിയില്ലെന്നും സന്ദീപ് പറയുന്നു.
സരിത് തന്റെ സുഹൃത്താണ്. അങ്ങനെയാണ് സ്വപ്നയെ പരിചയപ്പെട്ടത്. ഇവർ വഴിയാണ് ശിവശങ്കറിനെ പരിചയപ്പെട്ടത്. ലൈഫ് മിഷന് സ്വർണക്കടത്തുമായി ബന്ധമില്ല. ചാരിറ്റി എന്ന നിലയിൽ സംസ്ഥാന സർക്കാർ കാണിച്ചുകൊടുത്ത ഭൂമിയിൽ യു.എ.ഇ കോൺസുലേറ്റ് നിർമാണം നടത്തുകയാണ് ചെയ്തത്. ഇതിന് ഒരു ബിൽഡറെ ഏർപ്പാടാക്കിയത് താനാണ്. ആ വകയിൽ തനിക്ക് കമ്മിഷൻ കിട്ടിയെന്നും ഇതിന് ടാക്സ് അടച്ചിട്ടുണ്ടെന്നും സന്ദീപ് പറയുന്നു.
യു.എ.ഇ കോൺസുലേറ്റിൽ ചെറിയ ചില പരിപാടികൾ ചെയ്തിരുന്നു. അങ്ങനെയാണ് ഖാലിദിനെ കണ്ട് പരിചയം. അയാളുമായി വ്യക്തിപരമായി പരിചയപ്പെട്ടിട്ടില്ലെന്നും സന്ദീപ് പറയുന്നു. ഡോളർക്കേസ് എന്താണെന്ന് തനിക്ക് അറിയില്ലെന്നും കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാൽ കൂടതൽ പറയാൻ ബുദ്ധിമുട്ടുണ്ടെന്നും സന്ദീപ് പറഞ്ഞു. ഒളിവിൽ കഴിയാൻ എറണാകുളത്താണ് പോയതെന്നും അതിന് ആരുടേയും സഹായം ലഭിച്ചിട്ടില്ലെന്നും സന്ദീപ് പറഞ്ഞു.
സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് വിവാദങ്ങളുണ്ടായപ്പോൾ സ്വപ്നയ്ക്കൊപ്പം ബെംഗളൂരുവിലേയ്ക്ക് പോയത് അവർ ആവശ്യപ്പെട്ടതനുസരിച്ച് അഭിഭാഷകനെ കാണാനാണ്. കേസിൽ അഭിഭാഷകനെ ഏർപ്പാടാക്കിയത് താനായതിനാലാണ് അവർക്കൊപ്പം ബെംഗളൂരിലേയ്ക്ക് പോയതെന്നും സന്ദീപ് പറഞ്ഞു.
Content Highlights: Sandeep nair on Ed forcing him to say against cm, speaker and jaleel