തിരുവനന്തപുരം > “മാർക്ക് ജിഹാദ്’ പരാമർശം നടത്തിയ ഡൽഹി യൂണിവേഴ്സിറ്റിയിലെ കിരോരി മാൾ കോളേജിലെ പ്രൊഫസർ രാകേഷ് കുമാർ പാണ്ഡെയ്ക്കെതിരെ നടപടി എടുക്കണം എന്നാവശ്യപ്പെട്ട് മന്ത്രി വി ശിവൻകുട്ടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയ്ക്കും ഡൽഹി സർവകലാശാല വൈസ് ചാൻസലർക്കും കത്തയച്ചു. കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികൾക്കെതിരെയുള്ള വർഗീയതയും വംശീയതയും നിറഞ്ഞ പരാമർശമാണ് പ്രൊഫസർ നടത്തിയതെന്ന് മന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി.
വിദ്യാർത്ഥികൾക്കിടയിൽ സ്പർദ്ധ വളർത്താൻ കാരണമായേക്കാവുന്ന പ്രസ്താവനയാണ് പ്രൊഫസർ നടത്തിയിട്ടുള്ളതെന്ന് മന്ത്രി വ്യക്തമാക്കി. ക്രിമിനൽ നിയമപ്രകാരവും വകുപ്പുതലത്തിലും പ്രൊഫസർക്കെതിരെ നടപടി വേണമെന്ന ആവശ്യവും മന്ത്രി ഉന്നയിച്ചു. ആര്‍എസ്എസുമായി ബന്ധമുള്ള സംഘടനാ നേതാവ് കൂടിയാണ് രാകേഷ് കുമാർ പാണ്ഡെ.