ആലപ്പുഴ> നഗരമധ്യത്തിൽ ഭീമൻ ഉടുമ്പിനെ കണ്ടെത്തിയത് നാട്ടുകാരിൽ ഭയവും കൗതുകവുമുണർത്തി. ആശ്രമം വാർഡിൽ സെന്റ് മേരീസ് സ്കൂളിന് വടക്ക് മേത്തരുപറമ്പിൽ അനിൽകുമാറിന്റെ പുരയിടത്തിൽ വെള്ളിയാഴ്ച പകൽ 3.30ഓടെയാണ് ഉടുമ്പിനെ കണ്ടത്. മണിക്കൂറുകളോളം പരിഭ്രാന്തി സൃഷ്ടിച്ച ഉടുമ്പ് പിന്നീട് മറ്റ് പറമ്പുകളിലുമെത്തി ഇടത്തോട്ടിലൂടെ കടന്നുപോയെന്നാണ് വിവരം. നിരവധി പേർ പരിസരത്ത് തടിച്ചുകൂടി. ചിലർ വീഡിയോയും ചിത്രങ്ങളുമെടുത്തു.
വരാണസ് ബംഗാലെൻസിസ് എന്നാണ് ഈ ഉടുമ്പിന്റെ ശാസ്ത്രീയ നാമം. നാട്ടിലെ പന്നിയെലികളെ തിന്നു നശിപ്പിക്കുന്നതിൽ ഈ ഇനം ഉടുമ്പ് വലിയ പങ്കുവഹിക്കുന്നുവെന്ന് പരിസ്ഥിതി പ്രവർത്തകനായ ഓർത്തോപീഡിക് സർജൻ ഡോ. ബി ശ്രീകുമാർ പറഞ്ഞു. 61 മുതൽ 175 സെന്റീമീറ്റർ വരെ നീളവും ഏഴരക്കിലോ വരെ തൂക്കവും ഈ ഇനത്തിനുണ്ട്–- അദ്ദേഹം പറഞ്ഞു.