മലമ്പുഴ: പാലക്കാട് മലമ്പുഴയിൽ കഞ്ചാവ് വേട്ടയ്ക്ക് പോയ പോലീസുകാർ കാടിനുള്ളിൽ കുടുങ്ങി. വാളയാറിൽ നിന്ന് പുറപ്പെട്ട നാർകോട്ടിക് സെൽ ഡിവൈഎസ്പി ശ്രീനിവാസ് ഉൾപ്പെടെയുള്ള സംഘമാണ് വഴിതെറ്റി ഉൾക്കാട്ടിലകപ്പെട്ടത്. അതേസമയം, സംഘം സുരക്ഷിതരാണെന്നും ഇവരുമായി ബന്ധപ്പെടാനായെന്നും മലമ്പുഴ സിഐ സുനിൽ കൃഷ്ണൻ പ്രതികരിച്ചു.
കഞ്ചാവ് തോട്ടമുണ്ടെന്ന രഹസ്യവിവരത്തേത്തുടർന്നാണ് വെള്ളിയാഴ്ച ഒരു സി.ഐയും രണ്ട് എസ്.ഐമാരും തണ്ടർബോൾട്ടിന്റെ നാലംഗങ്ങളും നാല് നാട്ടുകാരും വനത്തിലേക്ക് പുറപ്പെട്ടത്. വൈകുന്നേരത്തോടെ വഴിതെറ്റി.തുടർന്ന് രാത്രി മുഴുവൻ പാറപ്പുറത്തിരിക്കുകയായിരുന്നു.
മലമ്പുഴ ഇൻസ്പെക്ടർ സുനിൽകൃഷ്ണൻ, വാളയാർ സബ് ഇൻസ്പെക്ടർരാജേഷ്, സ്പെഷ്യൽ സ്ക്വാഡ് എസ്.ഐ. ജലീൽ എന്നിവരുൾപ്പെടുന്ന പോലീസ് സംഘം തണ്ടർബോൾട്ട് ടീമിനൊപ്പം വെള്ളിയാഴ്ച രാവിലെ 7.30 ഓടെയാണ് കാട്ടിൽക്കയറിയത്. മലമ്പുഴയിൽനിന്ന് അയ്യപ്പൻപൊറ്റ, ചാക്കോളാസ് എസ്റ്റേറ്റ് വഴി കാട്ടിലേക്ക് കടന്നു. തുടർന്ന്, വന്യമൃഗങ്ങളുള്ള ഉൾക്കാട്ടിൽ കനത്തമഴയും പ്രതികൂല കാലാവസ്ഥയും വന്നപ്പോൾ വനത്തിൽ വഴിതെറ്റുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. വൈകീട്ടോടെയാണ് വനത്തിൽ പോലീസ് സംഘം കുടുങ്ങിയവിവരം അറിയുന്നത്.
രാവിലെ ആറ് മണിയോടെ വാളയാറിൽ നിന്ന് എട്ടംഗ സംഘവും മലമ്പുഴ കവയിൽ നിന്നുള്ള സംഘവും പോലീസുകാരെ തിരഞ്ഞ് വനത്തിലേക്ക് പോയിട്ടുണ്ട്.