കൊച്ചി: നടൻ ശ്രീനിവാസൻ തന്നെ അപമാനിച്ചെന്ന് ആരോപിച്ച് മോൺസൻ മാവുങ്കലിനെതിരേ പരാതി നൽകിയ അനൂപ് വി. അഹമ്മദ്. ഒരു വാർത്താ ചാനലിനു നൽകിയ അഭിമുഖത്തിൽ ശ്രീനിവാസൻ തന്നെ ഫ്രോഡ് എന്ന് വിളിച്ച് അപമാനിച്ചെന്നു കാണിച്ച് അനൂപ് വി. അഹമ്മദ് വക്കീൽ നോട്ടീസ് അയച്ചു. ഒന്നരക്കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് നോട്ടീസ്.
ഇതിനിടെ, മോൺസൻമാവുങ്കൽ 10 കോടി രൂപ തട്ടിയെടുത്തെന്ന് പരാതി നൽകിയവരെ ഭീഷണിപ്പെടുത്തുകയും സമ്മർദത്തിലാക്കുകയും ചെയ്യുന്നതായും പരാതിക്കാർ ആരോപിച്ചു. പരാതിക്കാരായ യാക്കൂബ് പൂറായിൽ, അനൂപ് വി. അഹമ്മദ്, എം.ടി. ഷമീർ, ഷാനിമോൻ പരപ്പൻ എന്നിവർക്കാണ് ഭീഷണി സന്ദേശമെത്തിയത്. ഇതേ തുടർന്ന് കുടുംബത്തിനും സ്വത്തിനും സംരക്ഷണം ആവശ്യപ്പെട്ട് പോലീസ് മേധാവിക്ക് ഇവർ പരാതി നൽകി.
ഫോണിലൂടെയും സാമൂഹിക മാധ്യമങ്ങൾ വഴിയും പലരും ഭീഷണി മുഴക്കുന്നതായാണ് പരാതി. വീടിന്റെ പരിസരത്ത് അപരിചിതർ എത്തുന്നതായും പരാതിയിൽ പറയുന്നു. കേസിൽനിന്ന് പിൻമാറണമെന്ന് ചില സുഹൃത്തുക്കളും ബന്ധുക്കളും നിരന്തരം സമ്മർദം ചെലുത്തുന്നു. ഭീഷണി ഭയന്ന് കുടുംബത്തെ മാറ്റിപ്പാർപ്പിച്ചിരിക്കുകയാണെന്നും പരാതിയിൽ പറയുന്നു.
തട്ടിപ്പു കേസുകളിൽ മോൺസന് കോടതി ജാമ്യം അനുവദിച്ചില്ല. യാക്കൂബ് പൂറായിൽ അടക്കമുള്ള ആറു പേരെ കബളിപ്പിച്ച് 10 കോടി രൂപ തട്ടിയെടുത്ത കേസിലും മധ്യപ്രദേശ് സർക്കാരിന്റെ കീഴിൽ വയനാടുള്ള 500 ഏക്കർ കാപ്പിത്തോട്ടം ലീസിന് വാങ്ങിക്കൊടുക്കാമെന്നു പറഞ്ഞ് പാലാ സ്വദേശി രാജീവിൽനിന്ന് 1.62 കോടി രൂപ തട്ടിയെടുത്ത കേസിലുമാണ് എറണാകുളം സി.ജെ.എം. കോടതി മോൺസന്റെ ജാമ്യാപേക്ഷ തള്ളിയത്.
സാക്ഷികളെ സ്വാധീനിച്ച് തെളിവ് നശിപ്പിക്കാൻ സാധ്യതയുള്ളതിനാൽ മോൺസന് ജാമ്യം നൽകരുതെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. ഇടപാടുകാരെ കബളിപ്പിക്കാൻ മോൺസൻ നിരവധി വ്യാജ രേഖകൾ നിർമിച്ചുവെന്നും മറ്റ് അക്കൗണ്ടുകൾ വഴി കോടികളുടെ ഇടപാടുകൾ നടത്തിയെന്നും ഇതേക്കുറിച്ച് അന്വേഷണം നടത്തിവരികയാണെന്നും പ്രോസിക്യൂഷൻ അറിയിച്ചു.
കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരൻ തന്റെ വീട്ടിൽ എത്തിയിട്ടുണ്ടെന്നും അത് ചികിത്സയ്ക്ക് ആയിരുന്നുവെന്നും മോൺസൻ ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി. എന്നാൽ സുധാകരൻ വീട്ടിൽ താമസിച്ചിട്ടില്ലെന്ന് മോൺസൻ അറിയിച്ചു. തിരുവനന്തപുരം ക്രൈംബ്രാഞ്ച് യൂണിറ്റ് രജിസ്റ്റർ ചെയ്ത കേസിൽ മോൺസനെ കസ്റ്റഡിയിൽ വിട്ടുനൽകിയിട്ടുണ്ട്.
സാമൂഹിക മാധ്യമങ്ങളിൽ പരിശോധന
മോൺസന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിലും യു ട്യൂബിലും അപ്്ലോഡ് ചെയ്തിട്ടുള്ള വീഡിയോകളും ഫോട്ടോകളും ശേഖരിക്കുന്ന നടപടി ക്രൈംബ്രാഞ്ച് ആരംഭിച്ചു. മോൺസൻ പിടിയിലായതിനു പിന്നാലെ ഫെയ്സ്ബുക്ക് അക്കൗണ്ടിൽനിന്ന് പല പോസ്റ്റുകളും നീക്കിയിരുന്നു. ഇത് വീണ്ടെടുക്കാനും ശ്രമിക്കും.