തൃശൂർ
പുനഃസംഘടനയിലെ വെട്ടിനിരത്തലിൽ വി മുരളീധരൻ–-സുരേന്ദ്രൻ സംഘത്തിനെതിരെ ബിജെപിയിൽ പ്രതിഷേധം ശക്തം. എതിർശബ്ദങ്ങളെ കേന്ദ്രസ്വാധീനമുപയോഗിച്ച് ഒതുക്കാനുള്ള മുരളീധരന്റെ നടപടിയിൽ മുതിർന്ന നേതാക്കൾ വരെ അസംതൃപ്തരാണ്. മുൻ സംസ്ഥാന സെക്രട്ടറി എ കെ നസീറിനേയും സുൽത്താൻ ബത്തേരി മണ്ഡലം പ്രസിഡന്റ് കെ ബി മദൽലാലിനേയും പുറത്താക്കിയതിലും പ്രതിഷേധമുണ്ട്. സുരേന്ദ്രൻ പ്രസിഡന്റായശേഷം സഹഭാരവാഹികളെ നിയമിച്ചതുപോലും ഏകപക്ഷീയമായാണ്. ഇതിനെതിരെ കൃഷ്ണദാസ് പക്ഷം നിസ്സഹകരണം പ്രഖ്യാപിച്ചിട്ടും കാര്യമായില്ല.
ജനറൽ സെക്രട്ടറിയായിരുന്ന ശോഭ സുരേന്ദ്രനെ കോർ കമ്മിറ്റിയിൽനിന്നും ദേശീയ എക്സിക്യൂട്ടീവിൽനിന്നും ഒഴിവാക്കി. പി കെ കൃഷ്ണദാസിനേയും എക്സിക്യൂട്ടീവ് ക്ഷണിതാവാക്കി തരംതാഴ്ത്തി. ഒ രാജഗോപാലിനേയും തഴഞ്ഞു. അഞ്ച് ജില്ലാ പ്രസിഡന്റുമാരെ മാറ്റി ഇഷ്ടക്കാരെ നിയമിച്ചു. കേരള ചുമതലയുള്ള സംഘടനാ ജനറൽ സെക്രട്ടറി ബി എൽ സന്തോഷിനെ ഉപയോഗിച്ചാണ് മുരളീധര–-സുരേന്ദ്രൻ സംഘത്തിന്റെ നടപടികൾ.
സുരേന്ദ്രനെ പ്രസിഡന്റാക്കിയത് ആർഎസ്എസ് എതിർപ്പ് പോലും അവഗണിച്ചായിരുന്നു. ഇതോടെ ഒന്നര വർഷമായി ബിജെപിയിൽ ആഭ്യന്തര സംഘർഷം രൂക്ഷമായി. തെരഞ്ഞെടുപ്പുകളിൽ ദയനീയ തോൽവി നേരിടേണ്ടിവന്നു. കൊടകര കുഴൽപ്പണക്കേസിലും മഞ്ചേശ്വരത്ത് സ്ഥാനാർഥിയെ പിൻവലിക്കാനും വയനാട്ടിൽ സി കെ ജാനുവിന് പണം നൽകിയെന്ന കേസിലും സംസ്ഥാന പ്രസിഡന്റ് പ്രതിക്കൂട്ടിലാണ്. അടുത്തകാലത്ത് നടത്തിയ പരിപാടികളിലെല്ലാം പൊളിഞ്ഞു. ബിജെപിയുടെ പ്രവർത്തനം താഴേതലം വരെ നിർജീവമാണ്. അതിനിടയിലാണ് പുനഃസംഘടനയിലെ പ്രതിസന്ധിയും.