തിരുവനന്തപുരം
കെട്ടിടങ്ങളുടെ ഉയരം കൂട്ടാനും സ്ഥാനം മാറ്റാനുമുള്ള മെക്കാനിക്കൽ ജാക്ക് ലിഫ്റ്റിങ് ടെക്നോളജി ഉപയോഗിക്കാൻ പെർമിറ്റ് അനുവദിക്കും. ഇതിനായി തദ്ദേശവകുപ്പ് മാർഗനിർദേശം പുറപ്പെടുവിച്ചു. ഇവ പാലിച്ചേ കെട്ടിടം ഉയർത്താനും സ്ഥാനം മാറ്റാനും പാടുള്ളൂവെന്ന് മന്ത്രി എം വി ഗോവിന്ദൻ പറഞ്ഞു. ഹൈക്കോടതി നിർദേശപ്രകാരമാണ് മാർഗനിർദേശം.
ജാക്ക് ലിഫ്റ്റിങ് അപേക്ഷകൾ തദ്ദേശസ്ഥാപന സെക്രട്ടറിക്കാണ് നൽകേണ്ടത്. കെട്ടിടത്തിനുണ്ടാകുന്ന മാറ്റം പ്ലാനിൽ രേഖപ്പെടുത്തണം. പ്രവർത്തിമൂലം കെട്ടിടത്തിന് കോട്ടം സംഭവിക്കില്ലെന്ന് സാക്ഷ്യപ്പെടുത്തുന്ന സ്ട്രക്ചറർ എൻജിനിയറുടെ സർട്ടിഫിക്കറ്റും വേണം. അപേക്ഷകൾ സെക്രട്ടറി പരിശോധിച്ച് പെർമിറ്റ് നൽകണം. ഇതിന് നേരത്തേ പെർമിറ്റ് അനുവദിച്ചിരുന്നില്ല. എന്നാൽ, അനുമതിയില്ലാതെ സാങ്കേതികവിദ്യ ഉപയോഗിക്കുന്നുണ്ട്. ഇതിനെതിരെ ചിലർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർന്നാണ് മാർഗനിർദേശം ഇറക്കിയത്.മഹാപ്രളയവും പ്രകൃതിക്ഷോഭവുംമൂലം കെട്ടിടങ്ങൾ ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് സുരക്ഷിതമാക്കുന്ന പശ്ചാത്തലത്തിലാണ് ഉത്തരവിറക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.
മെക്കാനിക്കൽ ജാക്ക് ലിഫ്റ്റിങ്
നിർമിച്ചതോ നിർമാണത്തിലിരിക്കുന്നതോ ആയ കെട്ടിടങ്ങൾ തറയുടെ അടിയിൽ നിരനിരയായി ജാക്കിവച്ച് ഉയർത്തലാണ് മെക്കാനിക്കൽ ജാക്ക് ലിഫ്റ്റിങ് വിദ്യ. തറനിരപ്പിൽനിന്ന് ഉയർത്തി കൂടുതൽ കല്ലുകൾ വച്ച് ഉയർത്തുകയോ സ്ഥാനം മാറ്റുകയോ ചെയ്യാം. കൃത്യമായ ഘടനയുള്ള കെട്ടിടങ്ങൾക്കേ ഇത് പറ്റൂ.