ഓസ്ലോ
“വസ്തുതകളില്ലാതെ ഒന്നും സാധ്യമല്ല, വസ്തുതകളില്ലാത്ത ലോകത്ത് സത്യവും വിശ്വാസവുമുണ്ടാകില്ല’ – ഇതായിരുന്നു- പുരസ്കാരനേട്ടത്തിനുശേഷം മരിയ റെസയുടെ പ്രതികരണം . സ്വന്തം രാജ്യത്തെ അധികാര ദുർവിനിയോഗത്തെയും വളർന്നുവരുന്ന സ്വേച്ഛാധിപത്യത്തെയും തുറന്നുകാട്ടാൻ ആവിഷ്കാര സ്വാതന്ത്ര്യത്തെ സമർഥമായി ഉപയോഗിച്ച മാധ്യമ പ്രവർത്തകയാണവർ.
അന്വേഷണാത്മക മാധ്യമപ്രവർത്തനം ലക്ഷ്യമിട്ട് 2012ലാണ് മരിയ റെസ റാപ്ളർ എന്ന ഓൺലൈൻ മാധ്യമം ആരംഭിച്ചത്. ഫിലിപ്പീൻസ് പ്രസിഡന്റ് റോഡ്രിഗസ് ഡ്യൂട്ടെർട്ടോയുടെ ലഹരിവിരുദ്ധ ക്യാമ്പയിനുമായി ബന്ധപ്പെട്ട് നടന്ന കൊലപാതകങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ശ്രദ്ധേയമാണ്.
വ്യാജവാർത്ത പ്രചാരണം, എതിരാളികെള അപമാനിക്കൽ തുടങ്ങിയവയ്ക്കായി സമൂഹമാധ്യമങ്ങളെ എങ്ങനെ ഉപയോഗിക്കുന്നുവെന്നും മരിയ തന്റെ റിപ്പോർട്ടുകളിലൂടെ പുറത്തുകൊണ്ടുവന്നു. നിർഭയം മാധ്യമപ്രവർത്തനം നടത്തിയതിന് നിരവധി നിയമക്കുരുക്കുകളും മരിയ റെസ നേരിടേണ്ടി വന്നിട്ടുണ്ട്. 2020 ൽ മരിയ അറസ്റ്റിലാവുകയും തടവിന് ശിക്ഷിക്കപ്പെടുകയും ചെയ്തു.