കൊച്ചി
കൽക്കരി കിട്ടാതായതോടെ രാജ്യം കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്ക്. രാജ്യത്തെ കൽക്കരി വൈദ്യുത നിലയങ്ങളിൽ പകുതിയിലധികവും ഉൽപ്പാദനം വെട്ടിക്കുറച്ചു. ഇത് കേരളത്തിലേക്കടക്കമുള്ള വൈദ്യുതി ലഭ്യതയെ പ്രതികൂലമായി ബാധിക്കും. വൈദ്യുതി വില വർധനയ്ക്കും കാരണമായേക്കും.
45 കൽക്കരി നിലയങ്ങളിൽ രണ്ടുദിവസത്തേക്കുള്ള കൽക്കരി മാത്രമാണ് അവശേഷിക്കുന്നതെന്നും 16 നിലയങ്ങളിൽ പൂർണമായും തീർന്നെന്നും റിപ്പോർട്ടുകൾ പറയുന്നു. ഇന്ത്യയിൽ 70 ശതമാനം വൈദ്യുതിയും ഉൽപ്പാദിപ്പിക്കുന്നത് കൽക്കരി നിലയങ്ങളിലാണ്. ക്ഷാമം ആറുമാസം തുടരുമെന്നാണ് കൽക്കരിമന്ത്രി രാജ് കുമാർ സിങ് പറയുന്നത്.
കൽക്കരി നിലയങ്ങളിൽ കുറഞ്ഞത് 22 ദിവസത്തേക്കുള്ള കൽക്കരി സംഭരിക്കണം എന്ന വ്യവസ്ഥ പാലിച്ചിരുന്നെങ്കിൽ ഈ പ്രതിസന്ധി ഒഴിവാക്കാമായിരുന്നു. ഊർജ മന്ത്രാലയത്തിന്റെ കണക്കുപ്രകാരം കൽക്കരി നിലയങ്ങളിലെ സംഭരണം സെപ്തംബർ അവസാനത്തോടെ മുൻവർഷത്തെ അപേക്ഷിച്ച് 76 ശതമാനം കുറഞ്ഞിരുന്നു. ഇത് കേന്ദ്രം പരിഹരിക്കാതിരുന്നതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. ആഗസ്ത് തുടക്കത്തിൽപ്പോലും 13 ദിവസത്തേക്കുള്ള കൽക്കരിയേ രാജ്യത്ത് ശേഷിച്ചിരുന്നുള്ളൂ. കനത്ത മഴയിൽ കൽക്കരി ഖനികളിൽ വെള്ളംകയറുകയും കൽക്കരി ഉൽപ്പാദനവും നീക്കവും തടസ്സപ്പെടുകയും ചെയ്തതോടെ സ്ഥിതി കൂടുതൽ ഗുരുതരമായി. ആവശ്യം വർധിച്ചതോടെ രാജ്യാന്തരവിപണിയിൽ വില കൂടുകയും ചെയ്തു. ഓസ്ട്രേലിയയിൽനിന്ന് ഇറക്കുമതിക്ക് സാധ്യതയുണ്ടെങ്കിലും അത് ഉപയോഗപ്പെടുത്താനായിട്ടില്ല.