കൊച്ചി
കേന്ദ്ര സർക്കാർ ഒത്താശയോടെ രാജ്യത്ത് ഇന്ധനവില അനിയന്ത്രിതമായി വർധിപ്പിക്കുന്നതിനിടെ അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവിലയും കുതിച്ചുകയറുന്നു. വരുംദിവസങ്ങളിൽ കേന്ദ്രസർക്കാർ നടപടി സ്വീകരിച്ചില്ലെങ്കിൽ രാജ്യത്ത് പെട്രോൾ–- ഡീസൽ വില ഇനിയും ഉയരുന്നതിന് അസംസ്കൃത എണ്ണവില വർധന ഇടയാക്കും.
അഞ്ചുദിവസമായി വില 80 ഡോളറിന് മുകളിലാണ്. അഞ്ചിന് 82.56 ഡോളറിലെത്തിയത് അടുത്ത രണ്ടുദിവസം 81.08, 81.95 ഡോളർ നിരക്കിലേക്ക് താഴ്ന്നെങ്കിലും വീണ്ടും 83 ഡോളറിലേക്ക് ഉയർന്നു. മൂന്നുവർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വിലയാണ് ഇത്.
ഈ മാസം തുടക്കത്തിൽ 79.28 ഡോളറായിരുന്ന വില ഏഴുദിവസംകൊണ്ട് 5.16 ശതമാനമാണ് വർധിച്ചത്. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ പെട്രോളിയം ഉപയോഗം കൂടിയതും ഉൽപ്പാദനം ഉടനെ വർധിപ്പിക്കേണ്ടതില്ലെന്ന എണ്ണ ഉൽപ്പാദന രാഷ്ട്രങ്ങളുടെ തീരുമാനവുമാണ് വില ഉയരാൻ കാരണം. അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുത്തനെ കുറഞ്ഞപ്പോൾ നികുതി കൂട്ടിയാണ് കേന്ദ്രസർക്കാർ ഇന്ധനവില വർധിപ്പിച്ചത്. പിന്നീട് അസംസ്കൃത എണ്ണ വില നേരിയ തോതിൽ കൂടിയപ്പോൾത്തന്നെ രാജ്യത്തും ഇന്ധനവില കൂട്ടിത്തുടങ്ങി. 15 ദിവസമായി തുടർച്ചയായി വിലകൂട്ടുകയാണ്.
ഇന്ധനവില വീണ്ടും കൂട്ടി; ഡീസൽ നൂറിലേക്ക്
തുടർച്ചയായി നാലാംദിവസവും ഇന്ധനവില കൂട്ടി. സംസ്ഥാനത്ത് ഡീസൽ വില നൂറിലേക്ക് കുതിക്കുകയാണ്. വെള്ളിയാഴ്ച പെട്രോളിന് 31 പൈസയും ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്ത് ഡീസൽ 99.09 രൂപയിലും പെട്രോൾ 105.79 രൂപയിലുമെത്തി. കൊച്ചിയിൽ പെട്രോളിന് 103.72 രൂപയും ഡീസലിന് 97.15 രൂപയും കോഴിക്കോട് പെട്രോളിന് 104.01 രൂപയും ഡീസലിന് 97.45 രൂപയുമായി. പെട്രോളിന് 11 ദിവസത്തിനുള്ളിൽ 2.38 രൂപയും ഡീസലിന് 15 ദിവസത്തിനുള്ളിൽ 3.74 രൂപയും കൂട്ടി.