തിരുവനന്തപുരം: കേരള പോലീസിലെ മൂന്നു ഉദ്യോഗസ്ഥർ കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിന് യോഗ്യത നേടി. മലബാർ സ്പെഷ്യൽ പോലീസിൽ നിന്ന് സ്റ്റേറ്റ് ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിൽ ഡെപ്യൂട്ടേഷനിൽ ജോലിനോക്കുന്ന നെടുമങ്ങാട് സ്വദേശി ആനന്ദ് എസ്. കുമാർ, കെ.എ.പി. മൂന്നാം ബറ്റാലിയനിലെ അരുൺ അലക്സാണ്ടർ, ഇടുക്കി ശാന്തൻപാറ പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ പി.കെ. അനീഷ് എന്നിവരാണ് കേരളാ അഡ്മിനിസ്ട്രേറ്റീവ് സർവീസ് റാങ്ക് പട്ടികയിൽ ഇടംപിടിച്ചത്.
നെടുമങ്ങാട് മേലാംകോട് സ്വദേശിയായ ആനന്ദ് എസ്. കുമാർ പതിനൊന്നാം റാങ്ക് നേടിയാണ് കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിലേയ്ക്ക് എത്തുന്നത്. കോഴിക്കോട് ഫറൂഖ് കോളേജിൽ നിന്ന് ധനതത്വശാസ്ത്രത്തിൽ ബിരുദം നേടിയശേഷം 2017ൽ പോലീസിൽ ചേർന്നു. തൃശൂരിലെ പോലീസ് പരിശീലനകേന്ദ്രത്തിൽ രണ്ടുവർഷം സേവനത്തിനുശേഷമാണ് തിരുവനന്തപുരത്ത് സ്റ്റേറ്റ് ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിൽ എത്തിയത്.
വയനാട് പുൽപ്പള്ളി സ്വദേശിയായ അരുൺ അലക്സാണ്ടർ 46-ാം റാങ്ക് നേടിയാണ് കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് നേട്ടം കൈവരിച്ചത്. 2011ൽ സ്പോർട്സ് ഹവിൽദാർ നിയമനത്തിലൂടെ കെ.എ.പി. മൂന്നാം ബറ്റാലിയന്റെ ഭാഗമായി പോലീസിലെത്തി. സേനയുടെ ഭാഗമായിരിക്കെത്തന്നെ മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബി.എ. ചരിത്രത്തിൽ വിദൂരപഠനത്തിലൂടെ ബിരുദം നേടി.
ഇടുക്കി ജില്ലയിലെ കുഞ്ചിത്തണ്ണി സ്വദേശിയായ അനീഷ് ശാന്തൻപാറ പോലീസ് സ്റ്റേഷനിൽ സീനിയർ സിവിൽ പോലീസ് ഓഫീസറാണ്. 59-ാം റാങ്കാണ് അനീഷിന് ലഭിച്ചത്. രാജകുമാരി എൻ.എസ്.എസ്. കോളേജിൽ നിന്ന് ഇലക്ട്രോണിക്സ് ബിരുദവും തൊടുപുഴ ഐ.എച്ച്.ആർ.ഡിയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ ബിരുദാനന്തരബിരുദവും നേടിയശേഷം 2005ലാണ് പോലീസിൽ പ്രവേശിച്ചത്.