കോഴിക്കോട്: മാലപ്പടക്കത്തിന് തീ കൊടുത്ത പോലുണ്ടായിരുന്നു ശബ്ദം, കുറെ തീപ്പെട്ടിക്കൊള്ളികൾ ഒന്നാകെ കത്തിച്ച പോലെ തീയും വന്നു. പിന്നെ ഡൈനിംഗ് ഹാളിലെ ടൈൽസുകൾ ഒന്നാകെ പൊട്ടിത്തെറിച്ചു. ബാലുശ്ശേരി കിനാലൂരിലെ രാഘവൻ മേനോക്കിയുടെ വീട്ടിലെ ടൈലുകൾ രാത്രി അപ്രതീക്ഷിതമായി പൊട്ടിത്തെറിച്ചതിന്റെ നടുക്കത്തിലാണ് വീട്ടുകാരും നാട്ടുകാരും.
ചൊവ്വാഴ്ച രാത്രി 9.45 ഓടെ ആയിരുന്നു വീട്ടുകാരെ നടുക്കിയ സംഭവം ഉണ്ടായത്. രാത്രി ഭക്ഷണം കഴിച്ച് കഴിഞ്ഞയുടൻ ടൈലുകൾ ഒന്നാകെ പൊട്ടി പൊങ്ങി പോരുകയായിരുന്നു. പോലീസും നാട്ടുകാരും ഉടൻ തന്നെ സ്ഥലത്തെത്തിയിരുന്നുവെങ്കിലും എന്താണ് സംഭവിച്ചത് എന്നതിന് ഒരു പിടിയുമില്ല. കൂടുതൽ പരിശോധനയ്ക്കായി ജിയോളജി ഉദ്യോഗസ്ഥർ സ്ഥലത്തെത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും എത്തിയില്ല.
ടൈലുകൾ പൊട്ടിഅടർന്ന ഭാഗം | photo: mathrubhumi
അഞ്ച് വർഷമേ ആയുള്ളൂ ഇവർ കിനാലൂരിനടുത്ത ഏർവാടി മുക്കിൽ വീട് വെച്ചിട്ട്. പ്രവാസ ജീവിതത്തിലെ ആകെയുള്ള സമ്പാദ്യം കൊണ്ട് വെച്ച വീട്ടിൽ ആദ്യമായിട്ടാണ് വീട്ടുകാർക്ക് ഇത്തരമൊരു പ്രശ്നമുണ്ടാവുന്നത്. ജനപ്രതിനിധികൾ അടക്കം സ്ഥലത്ത് സന്ദർശനം നടത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ ജിയോളജി ഉദ്യോഗസ്ഥരടക്കം സ്ഥലത്തെത്തി കൂടുതൽ പരിശോധന നടത്തും.
ഈയടുത്താണ് കോഴിക്കോട് പോലൂരിലെ മറ്റൊരു വീട്ടിൽ അജ്ഞാത ശബ്ദമുണ്ടായത്. ഇത് ഭൂമിക്കടിയിലെ സോയിൽ പൈപ്പിംഗ് മൂലമാണെന്ന് കണ്ടെത്തിയതോടെ വീട്ടുകാരോട് മാറി താമസിക്കാൻ ആവശ്യപ്പെട്ടിരുന്നു. ഇത്തരത്തിൽ എന്തെങ്കിലും പ്രശ്നമുണ്ടാകുമോ എന്ന ആശങ്കയിലാണ് കിനാലൂരിലെ വീട്ടുകാരും.
content highlights:house tiles exploded with loud noise