തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്നതിനുള്ള മാർഗരേഖ പുറത്തിറക്കി. തിരികെ സ്കൂളിലേക്ക് എന്ന പേരിൽ എട്ട് ഭാഗങ്ങളായി തിരിച്ചാണ് മാർഗരേഖ പുറത്തിറക്കിയിരിക്കുന്നത്. ആദ്യ ഘട്ടത്തിൽ രണ്ടാഴ്ച ഉച്ചവരെ മാത്രമാണ് ക്ലാസുകൾ. പൊതു അവധിയല്ലാത്ത എല്ലാ ശനിയാഴ്ചകളിലും ക്ലാസുകളുണ്ടാകും. രക്ഷിതാക്കളുടെ സമ്മതത്തോടെ മാത്രമേ കുട്ടികൾ സ്കൂളുകളിൽ വരേണ്ടതുള്ളൂ. ഉച്ചഭക്ഷണം നൽകുന്നത് സംബന്ധിച്ച തീരുമാനം സ്കൂളുകൾക്ക് സ്വീകരിക്കാം. ഭിന്നശേഷിയുള്ള കുട്ടികളും ആദ്യ ഘട്ടത്തിൽ സ്കൂളുകളിൽ വരേണ്ടതില്ല.
അധ്യാപകരും ജീവനക്കാരും രണ്ട് ഡോസ് വാക്സിൻ നിർബന്ധമായി സ്വീകരിച്ചിരിക്കണം. സ്കൂളുകളിൽ ബസ് സൗകര്യമില്ലാത്തിടത്ത് ബോണ്ട് അടിസ്ഥാനത്തിൽ കുട്ടികൾക്ക് ബസ് വിട്ടുനൽകും. ഇതിൽ കുട്ടികളുടെ യാത്ര സൗജന്യമായിരിക്കും. ബസുകളിലെ ഡ്രൈവർമാരും ജീവനക്കാരും വാക്സിനേറ്റഡ് ആയിരിക്കണം. സ്കൂളുകൾക്ക് സമീപം പ്രവർത്തിക്കുന്ന കടകളിലും മറ്റുമുള്ള ഉടമകളും ജീവനക്കാരും വാക്സിനേറ്റഡായിരിക്കണം. ബയോ ബബിൾ സംവിധാനം എന്ന കണക്കിലായിരിക്കും ക്ലാസുകൾ ക്രമീകരിക്കുന്നതും പ്രവർൃത്തിക്കുന്നതും. കുട്ടികൾ കൂട്ടംകൂടുന്നത് ഒഴിവാക്കുന്നതിൽ വിട്ടുവീഴ്ച പാടില്ല.
വീട്ടിൽ കോവിഡ് പോസിറ്റീവ് കേസുകളുള്ള കുട്ടികൾ സ്കൂളുകളിൽ വരേണ്ടതില്ല. ക്ലാസുകളിലെത്തുന്ന കുട്ടികൾക്ക് രോഗലക്ഷണമുണ്ടോയെന്ന് തിരിച്ചറിയാൻ പ്രത്യേക രജിസ്റ്റർ സംവിധാനം ഒരുക്കും. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ രക്ഷിതാക്കൾക്ക് സംശയദൂരീകരണത്തിന് പ്രത്യേക സംവിധാനം. ഒരു സ്കൂളിൽ ഒരു ഡോക്ടറുടെ സേവനം ഉറപ്പാക്കും. സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി ആരോഗ്യവകുപ്പും വിദ്യാഭ്യാസ വകുപ്പും ചേർന്നാണ് മാർഗരേഖ തയ്യാറാക്കിയത്.
സ്കൂളുകളിൽ സ്വകാര്യ വാഹനങ്ങളിൽ എത്തുന്ന കുട്ടികൾ ഓട്ടോറിക്ഷയിലാണ് എത്തുന്നതെങ്കിൽ പരമാവധി മൂന്ന് കുട്ടികളെയാണ് ഒരു വാഹനത്തിൽ അനുവദിക്കുക. വ്യക്തി ശുചീകരണത്തിനും കൈ കഴുകുന്നതിനും മറ്റുമായി ഓരോ ക്ലാസുകൾക്ക് മുന്നിലും സൗകര്യമുണ്ടായിരിക്കും. കുട്ടികൾക്ക് മാസ്ക്, സാനിറ്റൈസർ തുടങ്ങിയവ ലഭ്യമാക്കുന്നുവെന്ന് സ്കൂളുകൾ ഉറപ്പുവരുത്തും. ഒരു ബെഞ്ചിൽ 1-7 വരെ ക്ലാസുകളിൽ പരമാവധി രണ്ട് കുട്ടികളെയാണ് അനുവദിക്കുക.
സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി സംസ്ഥാന ജില്ലാ അടിസ്ഥാനത്തിൽ നിരവധി ചർച്ചകൾ നടത്തിയെന്ന് വിദ്യാഭ്യാസമന്ത്രി പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ പൊതുജനപങ്കാളിത്തത്തോടെ സ്കൂളുകൾ ശുചീകരിക്കും. സംസ്ഥാനത്ത് സ്കൂളുകളിൽ ഓഫ്ലൈൻ ക്ലാസുകൾ ആരംഭിക്കുന്നതിന് ഒപ്പം ഓൺലൈൻ ക്ലാസുകളും തുടരും. ഇതിന്റെ സമയക്രമവും മറ്റും ഉടൻ പ്രഖ്യാപിക്കും. സ്കൂളുകളിൽ ആദ്യ ഘട്ടത്തിൽ യൂണിഫോം, അസംബ്ലി എന്നിവ നിർബന്ധമാക്കില്ല.
Content Highlights: guidelines for school reopening published