;
ന്യൂഡൽഹി > എയര് ഇന്ത്യയെ 18,000 കോടി രൂപക്ക് ടാറ്റാ സൺസ് സ്വന്തമാക്കി. കേന്ദ്ര പൊതുമേഖലാ വിമാനകമ്പനിയായ എയർ ഇന്ത്യയെ ടാറ്റാ ഗ്രൂപ്പിന് കൈമാറുന്നതായി കേന്ദ്രസർക്കാർ ഔദ്യോഗികമായി അറിയിച്ചു. എയര് ഇന്ത്യ വാങ്ങാനുള്ള ലേലത്തില് ഏറ്റവും ഉയര്ന്ന തുക വാഗ്ദാനം ചെയ്തതും ടാറ്റ ഗ്രൂപ്പാണ്.
ടാറ്റക്കൊപ്പം സ്പൈസ്ജെറ്റും എയര് ഇന്ത്യക്കായി രംഗത്തുണ്ടായിരുന്നു. സ്പൈസ് ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിലുള്ള മന്ത്രിതല സമിതി യോഗം ചേര്ന്നാണ് തീരുമാനമെടുത്തത്.
2022 സാമ്പത്തിക വർഷത്തിൽ കൈമാറ്റ നടപടികൾ പൂർത്തിയാക്കും . 67 വർഷത്തെ ഇടവേളക്ക് ശേഷമാണ് എയർ ഇന്ത്യാ ടാറ്റയിലേക്ക് തിരിച്ചെത്തുന്നത്. 1932ലാണ് ടാറ്റ എയർ ഇന്ത്യാ എയർലൈൻ സ്ഥാപിക്കുന്നത്. പിന്നീട് ദേശസാൽകരണത്തിന്റെ ഭാഗമായി കേന്ദ്രം ഏറ്റെടുത്തതായിരുന്നു.
എയര് ഇന്ത്യ, എയര് ഇന്ത്യ എക്സ്പ്രസ് കമ്പനികളുടെ 100 ശതമാനം ഓഹരിയും വില്ക്കാനാണ് കേന്ദ്രസര്ക്കാറിന്റെ പദ്ധതി. ഗ്രൗണ്ട് ഹാന്ഡലിങ് കമ്പനിയായ എയര് ഇന്ത്യ സാറ്റ്സ് എയര്പോര്ട്ട് സര്വീസ് പ്രൈവറ്റ് ലിമിറ്റഡിലെ 50 ശതമാനം ഓഹരിയും സര്ക്കാര് വില്ക്കും.