ആലുവ:’ജീവിതകാലം മുഴുവൻ ഞാൻ ആ മാതാപിതാക്കളോടു കടപ്പെട്ടിരിക്കുന്നു.’ നിറഞ്ഞ കണ്ണുകളുമായി വിനോദ് ജോസഫ് ആശുപത്രിയുടെ പടികളിറങ്ങുമ്പോൾ പറഞ്ഞത് ഇങ്ങനെയാണ്. ഇക്കഴിഞ്ഞ സെപ്തംബർ 25ന് മസ്തിഷ്ക മരണം സംഭവിച്ച കോട്ടയം സ്വദേശി നേവിസ് സാജൻ മാത്യുവിന്റെ കരൾ വിനോദിന് തുന്നിച്ചേർത്തതോടെ പുതു ജിവിതത്തിലേക്ക് തിരികെ എത്തിയിരിക്കുകയാണ് വിനോദ് ജോസഫ്. വിനോദ് ജോസഫിനൊപ്പം മറ്റ് ആറുപേർക്കു കൂടി ജീവൻ പകർന്നാണ് നേവിസ് സാജൻ മാത്യു വിടപറഞ്ഞത്. മകന്റെ മരണത്തിന് പിന്നാലെ മകന്റെ കരൾ പകുത്ത് നൽകിയ ഷെറിനും സാജൻ മാത്യുവും നന്ദി പറഞ്ഞായിരുന്നു വിനോദ് ജോസഫ് ആശുപത്രി വിട്ടത്. മൃതസഞ്ജീവിനിയിലൂടെ നേവിസിന്റെ ഹൃദയവും വൃക്കകളും കൈകളും കണ്ണുകളും ദാനം ചെയ്തിരുന്നു. കഴിഞ്ഞ ആറ് മാസമായി ഗുരുതരമായ കരൾ രോഗം ബാധിച്ചു ചികിത്സയിൽ കഴിയുകയായിരുന്നു നിലമ്പൂർ വഴിക്കടവ് സ്വദേശി വിനോദ് ജോസഫ്. കരൾ മാറ്റിവയ്ക്കലല്ലാതെ ജീവിതത്തിലേയ്ക്കു മടങ്ങി വരാൻ മറ്റു മാർഗങ്ങളില്ലെന്നു തിരിച്ചറിഞ്ഞതോടെ പ്രതീക്ഷ നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു വിനോദ്. അനുയോജ്യരായ കരൾ കണ്ടെത്താൻ കഴിഞ്ഞില്ലെന്നു മാത്രമല്ല ശരീരഭാരം കൂടുതലായിരുന്നതും ചികിത്സയ്ക്കു വെല്ലുവിളിയായിരുന്നു. സർക്കാരിന്റെ മൃതസഞ്ജീവിനി പദ്ധതിയിൽ പേര് രജിസ്റ്റർ ചെയ്ത് കാത്തിരിക്കുകയായിരുന്നു വിനോദ്. അതിനിടെയാണ് മസ്തിഷ്ക മരണം സംഭവിച്ച നേവിസിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ സന്നദ്ധതയറിയിച്ച് മതാപിതാക്കൾ രംഗത്തെത്തിയത്. ശസ്ത്രക്രിയയ്ക്കു ശേഷം വിനോദ് പൂർണ്ണ ആരോഗ്യവാനായി വീട്ടിലേയ്ക്കു മടങ്ങി. ഭാര്യ നിഷയും നാലു പെണ്മക്കളുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമാണ് ഡ്രൈവറായ വിനോദ്. ‘മസ്തിഷ്ക മരണം സംഭവിക്കുന്നവരിൽ വളരെ ചെറിയൊരു ശതമാനമാളുകളുടെ അവയവങ്ങൾ മാത്രമാണ് ദാനം ചെയ്യപ്പെടുന്നത്. മറ്റുള്ളവരെ ജീവനിലേയ്ക്കു കൈപിടിച്ചുയർത്താനുള്ള ഇത്തരം അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തേണ്ടതുണ്ട്.’ ശസ്ത്രക്രിയയ്ക്കു നേതൃത്വം നൽകിയ ഡോ. രാമചന്ദ്രൻ നാരായണമേനോൻ പറഞ്ഞു. എച്ച്.പി. ബി. ആന്റ് മൾട്ടിപ്പിൾ ഓർഗൻ ട്രാൻസ്പ്ലാന്റ് സർജറി വിദഗ്ധരായ ഡോ. രാമചന്ദ്രൻ നാരായണമേനോൻ, ഡോ. ജോസഫ് ജോർജ്, ഡോ. ഗസ്നഫർ ഹുസൈൻ, ഡോ. ക്രിസ് തോമസ്, ഹെപ്പറ്റോളജി വിഭാഗം ഡോ. ജോൺ മേനാച്ചേരി, അനസ്തേഷ്യ വിഭാഗം ഡോ. ശാലിനി രാമകൃഷ്ണൻ, ഡോ. ജോർജ് ജേക്കബ് എന്നിവരടങ്ങുന്ന സംഘമാണ് പത്തു മണിക്കൂർ നീണ്ടു നിന്ന ശസ്ത്രക്രിയക്കൊടിവിൽ വിജയകരമായി വിനോദിന് മാറ്റിവെച്ചത്. Content Highlights:vinodh leaves hospital after liver transplantation surgery vinodh thanking to Navis family