തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ്സർവീസ്-കെ.എ.എസ് സ്ട്രീം ഒന്നിൽ ഒന്നാം റാങ്ക് നേടിയ മാലിനി ശ്രീ സിവിൽ സർവീസ് പരീക്ഷയിൽ 135-ാം റാങ്കുകാരി. മാവേലിക്കര സ്വദേശിയായ മാലിനി അഭിഭാഷകനായ കൃഷ്ണകുമാറിന്റേയും റിട്ട. അധ്യാപികയായ ശ്രീലതയുടേയും മകളാണ്. എഴുത്തുകാരനായിരുന്നഎരുമേലി പരമേശ്വരൻ പിള്ളയുടെ കൊച്ചുമകളും കൂടിയാണ് മാലിനി ശ്രീ.
സിവിൽ സർവീസ് 135-ാം റാങ്കുകാരിയായ മാലിനി ഐഎഫ്എസാണ് തിരഞ്ഞെടുത്തിട്ടുള്ളത്.
മാവേലിക്കര വിദ്യാധിരാജ വിദ്യാപീഠം, കായംകുളം എസ്.എൻ സെൻട്രൽ സ്കൂൾ എന്നിവിടങ്ങളിലെ പഠനത്തിനുശേഷം ഹൈദരാബാദ് ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജസ് സർവകലാശാലയിൽനിന്ന് ഇംഗ്ലീഷിൽ ബിരുദവും ലിഗ്വിസ്റ്റിക്കിൽ ബിരുദാനന്തര ബിരുദവും നേടി.
ഡൽഹിയിൽ സ്വകാര്യസ്ഥാപനത്തിൽ അധ്യാപികയായി പ്രവർത്തിക്കവേയാണ് സിവിൽ സർവിസ് മോഹമുദിച്ചത്. എന്നാൽ, ആദ്യ രണ്ടുതവണ അഭിമുഖ തലത്തിലേക്ക് എത്താൻ കഴിഞ്ഞില്ല. 2020ൽ ഹൈക്കോടതിയിൽ അഡ്മിനിസ്ട്രേറ്റിവ് അസിസ്റ്റന്റ് ആയി ജോലി ലഭിച്ചു. ജോലിയിൽ പ്രവേശിച്ചശേഷം അവധിയെടുത്ത് പഠനം തുടർന്നാണ് നേട്ടം കൈവരിച്ചത്. പോണ്ടിച്ചേരി സർവകലാശലയിൽ ഗവേഷക വിദ്യാർഥിനിയായ നന്ദിനി സഹോദരിയാണ്.