തിരുവനന്തപുരം: വ്യാജസമ്മതപത്രത്തിന്റെ പേരിൽ ജോലിനഷ്ടപ്പെട്ട പത്തനംതിട്ട മല്ലപ്പള്ളി സ്വദേശിനി എസ്. ശ്രീജനിയമന ഉത്തരവ് കൈപ്പറ്റി. ഇന്ന് 12 മണിക്ക് കോട്ടയം പിഎസ്സി ഓഫീസിലെത്തി നിയമനശുപാർശശ്രീജകൈപ്പറ്റിയത്.
സിവിൽ സപ്ലൈസ് കോർപ്പറേഷനിൽ അസിസ്റ്റന്റ് സെയിൽസ്മാൻ തസ്തികയിലാണ് നിയമനം.
പിഎസ്സി നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ശ്രീജയല്ല സമ്മതപത്രം നൽകിയിരിക്കുന്നതെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നിയമനം നൽകാൻ പി.എസ്.സി.തീരുമാനിച്ചത്.
ഒരുപാട് പ്രതിസന്ധികളിലൂടെയാണ് കടന്നുപോയതെന്നും ഇപ്പോൾ ജോലി കിട്ടിയതിൽവലിയ സന്തോഷമുണ്ടെന്നും നിയമന ഉത്തരവ് കൈപ്പറ്റിയ ശേഷം ശ്രീജ പ്രതികരിച്ചു. വിഷമം പുറത്തെത്തിച്ച മാധ്യമങ്ങളടക്കം കൂടെനിന്ന എല്ലാവർക്കും നന്ദി അറിയിക്കുന്നതായും ശ്രീജ പറഞ്ഞു.
ആ ശ്രീജ വേറെ
സമ്മതപത്രം നൽകിയത് താനാണെന്നറിയിച്ച് അതേ പേരിലുള്ള കൊല്ലം സ്വദേശിനിയായ സർക്കാർ ജീവനക്കാരി പി.എസ്.സി.ക്ക് കത്തുനൽകിയിരുന്നു. കുന്നത്തൂരിൽ റവന്യൂവകുപ്പിൽ ക്ലാർക്കാണ് ഇവർ.
റാങ്ക്പട്ടികയിലുള്ളവരുടെ നിർബന്ധത്തിനു വഴങ്ങി തെറ്റിദ്ധരിച്ചാണ് സമ്മതപത്രം നൽകിയതെന്നും തെറ്റുപറ്റിയതിൽ ക്ഷമിക്കണമെന്നും കത്തിൽ അഭ്യർഥിച്ചിട്ടുണ്ട്. റാങ്ക് പട്ടികയിൽ ഉൾപ്പെട്ട ചിലർ നടത്തിയ ഗൂഢാലോചനയാണ് ഇതിലൂടെ പുറത്ത് വന്നിട്ടുള്ളത്.