കൊച്ചി: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ കരുതൽ തടങ്കൽ ഹൈക്കോടതി റദ്ദാക്കി. എന്നാൽ എൻ.ഐ.എ. കേസിൽ ജാമ്യം ലഭിക്കാത്തതിനാൽസ്വപ്നയ്ക്ക് ജയിലിന് പുറത്തിറങ്ങാനാവില്ല.അതേസമയം, മറ്റൊരു പ്രതിയായ സരിത്തിന്റെ കരുതൽ തടങ്കൽ കോടതി ശരിവെച്ചിട്ടുണ്ട്.
സാങ്കേതിക കാരണങ്ങളാലാണ് സ്വപ്നയുടെ കരുതൽ തടങ്കൽ ഹൈക്കോടതി റദ്ദാക്കിയത്. ഒരു വ്യക്തിയെ കരുതൽ തടങ്കലിൽ വെക്കണമെങ്കിൽ അയാൾ പുറത്തിറങ്ങിയാൽ സമാനമായ കുറ്റം ചെയ്യുമെന്ന് ഉറപ്പാക്കുന്ന രേഖകൾ ഹാജരാക്കേണ്ടതുണ്ട്. എന്നാൽ ഈ രേഖകൾ ഹാജരാക്കുന്നതിൽ വീഴ്ചയുണ്ടായി. ഇതിനെ തുടർന്നാണ് സ്വപ്നയുടെ കരുതൽ തടങ്കൽ ഹൈക്കോടതി റദ്ദാക്കിയത്.
സ്വപ്നയെ കരുതൽ തടങ്കലിൽ വെക്കുമ്പോൾ തന്നെ അവർ എൻ.ഐ.എ. കേസിലെ ജുഡീഷ്യൽ റിമാൻഡിൽ തുടരുകയായിരുന്നു. ഈ കാര്യം ചൂണ്ടിക്കാണിച്ചാണ് ഹൈക്കോടതി കരുതൽ തടങ്കൽ റദ്ദാക്കിയത്. നാളെയാണ് സ്വപ്നയുടെ കരുതൽ തടങ്കൽ അവസാനിക്കാനിരുന്നത്. ഒരുവർഷത്തെ കരുതൽ തടങ്കലായിരുന്നു നേരത്തെ ഏർപ്പെടുത്തിയിരുന്നത്. കരുതൽ തടങ്കൽ റദ്ദാക്കപ്പെട്ടെങ്കിലും യു.എ.പി.എ. ചുമത്തിയിരിക്കുന്ന എൻ.ഐ.എ. കേസിൽ ജാമ്യം ലഭിക്കാത്തതിനാൽ സ്വപ്നയ്ക്ക് പുറത്തിറങ്ങാനാവില്ല.
content highlights:high court quashes swapna sureshs preventive detention