ന്യൂഡൽഹി
കർഷകരെ കാർകയറ്റി കൊന്ന ആരെയെങ്കിലും അറസ്റ്റ് ചെയ്തോയെന്ന് ഉത്തർപ്രദേശ് സർക്കാരിനോട് സുപ്രീംകോടതി. ആരൊക്കെയാണ് പ്രതികൾ, ആരെ അറസ്റ്റ് ചെയ്തു- തുടങ്ങി കേസ് അന്വേഷണത്തിന്റെ മുഴുവൻ വിശദാംശങ്ങളുമുള്ള തൽസ്ഥിതി റിപ്പോർട്ട് വെള്ളിയാഴ്ച സമർപ്പിക്കാനും ചീഫ് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ ബെഞ്ച് യുപി സർക്കാരിനോട് നിർദേശിച്ചു.
ദൗർഭാഗ്യകരമായ സംഭവമാണ് നടന്നത്. ആവശ്യമായ നടപടി സ്വീകരിച്ചിട്ടില്ലെന്ന വിമർശം ഉണ്ടെന്നും ചീഫ് ജസ്റ്റിസ് യുപി സർക്കാരിനെ ഓർമിപ്പിച്ചു. ലഖിംപുർ ഖേരിയിൽ കൊല്ലപ്പെട്ട കർഷകൻ ലവ്പ്രീത് സിങ്ങിന്റെ ഗുരുതരാവസ്ഥയിലായ അമ്മയ്ക്ക് ആവശ്യമായ ചികിത്സ നൽകണമെന്നും കോടതി നിർദേശം നൽകി.
പ്രത്യേക അന്വേഷണ സംഘവും വിരമിച്ച ഹൈക്കോടതി ജഡ്ജി നേതൃത്വം നൽകുന്ന ജുഡീഷ്യൽ കമീഷനും രൂപീകരിച്ചതായി യുപി അഡീഷണൽ അഡ്വക്കറ്റ് ജനറൽ ഗരിമ പ്രസാദ് കോടതിയെ അറിയിച്ചു. അതിനിടെ, സംഭവത്തിൽ സുപ്രീംകോടതി സ്വമേധയാ കേസെടുത്തിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ് വിശദീകരിച്ചു. ഉത്തർപ്രദേശിലെ രണ്ട് അഭിഭാഷകർ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ കത്ത് പൊതുതാൽപ്പര്യ ഹർജിയായാണ് പരിഗണിക്കുന്നതെന്നും ചീഫ് ജസ്റ്റിസ് കൂട്ടിച്ചേർത്തു.
മന്ത്രിപുത്രൻ ഇന്ന് ഹാജരാകും
സുപ്രീംകോടതി ഇടപെടലിനു പിന്നാലെ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ മകൻ ആശിഷ് മിശ്ര വെള്ളിയാഴ്ച ചോദ്യംചെയ്യലിന് യുപി പൊലീസ് മുമ്പാകെ ഹാജരാകും. ചോദ്യംചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് വ്യാഴാഴ്ചയാണ് പൊലീസ് ആശിഷിന്റെ വീടിന് മുന്നിൽ നോട്ടീസ് പതിപ്പിച്ചത്. സംഭവത്തിൽ ആറു പേർ കസ്റ്റഡിയിലുണ്ട്. ഇവരിൽ രണ്ടുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി.
പ്രതിഷേധിച്ചു, സ്ഥാനം പോയി
കർഷക കൂട്ടക്കുരുതിയെ അപലപിച്ച വരുൺ ഗാന്ധിയെ ബിജെപി നിർവാഹകസമിതിയിൽനിന്ന് ഒഴിവാക്കി. കർഷക സമരത്തിന് പിന്തുണ അറിയിച്ച മുൻ കേന്ദ്രമന്ത്രി ചൗധരി ബീരേന്ദ്ര സിങ്ങും പുറത്തായി.