അതേസമയം രാഹുൽ ഗാന്ധിയുടെ ലഖിംപൂർ ഖേരി സന്ദർശനത്തെ പരിഹസിച്ചും മുരളീധരൻ രംഗത്തെത്തി. രാഹുൽ വയനാട്ടിലെ വിനോദ സഞ്ചാരിയാണെന്നും ലഖിംപൂരിലേക്ക് പോകുന്നതിൽ നിന്നും രാഹുലിനെ തടഞ്ഞത് ആരാണെന്നും അദ്ദേഹം ചോദിച്ചു. എന്നാൽ കർഷക സമരത്തെക്കുറിച്ച് പ്രതികരിക്കാൻ മുരളീധരൻ തയ്യാറായില്ല. എല്ലാ കാര്യത്തിലും പ്രധാനമന്ത്രി മറുപടി പറയേണ്ടതില്ലെന്നും മുരളീധരൻ പറഞ്ഞു.
ശോഭാ സുരേന്ദ്രനെ ഒഴിവാക്കിയാണ് ബിജെപി ദേശീയ നിർവ്വാഹക സമിതി പുനസംഘടിപ്പിച്ചിരിക്കുന്നത്. കേരളത്തിൽ നിന്നും വി മുരളീധരനും കുമ്മനം രാജശേഖരനുമാണ് സമിതിയിലുള്ളത്. പി കെ കൃഷ്ണദാസ്, ഇ ശ്രീധരൻ എന്നിവരെ പ്രത്യേക ക്ഷണിതാക്കളായി ഉൾപ്പെടുത്തിയിട്ടുണ്ട്. 80 അംഗങ്ങളാണ് ദേശീയ നിർവ്വാഹക സമിതിയിൽ ഉള്ളത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, മുതിർന്ന നേതാക്കളായ എൽ കെ അദ്വാനി, മുരളി മനോഹർ ജോഷി, കേന്ദ്ര മന്ത്രിമാരായ രാജ്നാഥ് സിങ്, അമിത് ഷാ, നിതിൻ ഗഡ്കരി, പീയൂഷ് ഗോയൽ തുടങ്ങിയവർ നിർവാഹക സമിതിയിൽ അഗങ്ങളാണ്. 50 പ്രത്യേക ക്ഷണിതാക്കളും 176 സ്ഥിരം ക്ഷണിതാക്കളുമാണ് ദേശീയ സമിതിയിലുള്ളത്. നിർവാഹക സമിതി യോഗം ചേർന്നിട്ട് രണ്ടര വർഷം കഴിഞ്ഞെന്ന വിമർശനം ശക്തമായി തുടരുന്നതിനിടെയാണ് സമിതിയിൽ അഴിച്ചുപണിയുണ്ടായത്.
ബിജെപി അധികാരത്തിലുള്ള സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, ഉപമുഖ്യമന്ത്രിമാർ, വിവിധ സംസ്ഥാനങ്ങളിലെ ബിജെപിയുടെ പ്രതിപക്ഷ നേതാക്കൾ, നിയമസഭാ കക്ഷിനേതാക്കൾ, മുൻ മുഖ്യമന്ത്രിമാർ, മുൻ ഉപമുഖ്യമന്ത്രിമാർ, ദേശീയ വക്താക്കൾ, വിവിധ മോർച്ച അധ്യക്ഷന്മാർ, സംസ്ഥാനങ്ങളുടെ ചുമതലയുള്ള പ്രഭാരിമാർ, സഹ പ്രഭാരിമാർ, വിവിധ സംസ്ഥാന ഘടകങ്ങളുടെ അധ്യക്ഷന്മാർ, ദേശീയ ജനറൽ സെക്രട്ടറിമാർ എന്നിവരെല്ലാം ദേശീയ നിർവാഹക സമിതിയുടെ ഭാഗമായിരിക്കും.