ദുബായ്
വൈകിവന്ന വിജയത്തിനും പഞ്ചാബിനെ രക്ഷിക്കാനായില്ല. ഐപിഎൽ ക്രിക്കറ്റിൽ അവസാന മത്സരത്തിനിറങ്ങിയ പഞ്ചാബ് കിങ്സ് ആറ് വിക്കറ്റിന് ചെന്നൈ സൂപ്പർ കിങ്സിനെ തോൽപ്പിച്ചു. 42 പന്തിൽ 98 റണ്ണടിച്ച് പുറത്താകാതെനിന്ന ക്യാപ്റ്റൻ കെ എൽ രാഹുലാണ് വിജയശിൽപ്പി. സ്കോർ: ചെന്നൈ 6–-134, പഞ്ചാബ് 4–-139 (13).
മുഴുവൻ മത്സരങ്ങളും പൂർത്തിയാക്കിയ പഞ്ചാബ് 12 പോയിന്റോടെ അഞ്ചാംസ്ഥാനവുമായി പുറത്തായി. 14 കളിയിൽ ആറ് ജയവും എട്ട് തോൽവിയും. ചെന്നൈ രണ്ടാംസ്ഥാനത്തോടെ പ്ലേഓഫിലെത്തി.
ജയിക്കാനാവശ്യമായ 135 റണ്ണിലേക്ക് പഞ്ചാബ് അനായാസം ബാറ്റ് വീശി. ഓപ്പണറായി ഇറങ്ങിയ രാഹുലായിരുന്നു കളിയിലെ താരം. ഏഴ് ഓവർ ബാക്കിയിരിക്കെ കളി പൂർത്തിയാക്കി. ഏഴ് ഫോറും എട്ട് സിക്സറും പറത്തിയ ക്യാപ്റ്റൻ ബൗളർമാരെ നിലംതൊടാൻ അനുവദിച്ചില്ല. മായങ്ക് അഗർവാൾ (12), സർഫറാസ് ഖാൻ (0), ഷാറൂഖ്ഖാൻ (8), മാർക്രം(13) എന്നിവർ പുറത്തായി.
ചെന്നൈ നിരയിൽ ഫാഫ് ഡു പ്ലെസിസ് 76 റണ്ണടിച്ചു. ഋതുരാജ് ഗെയ്ക്വാദ് (12), റോബിൻ ഉത്തപ്പ (2), അമ്പാട്ടി റായ്ഡു (4), ക്യാപ്റ്റൻ ധോണി (12) എന്നിവർക്ക് തിളങ്ങാനായില്ല.