സ്റ്റോക്ക്ഹോം> സാഹിത്യത്തിനുള്ള നൊബേല് സമ്മാനത്തിന് ടാന്സാനിയന് നോവലിസ്റ്റ് അബ്ദുള്റസാക്ക് ഗുര്ണ അർഹനായി. 1994ല് പുറത്തിറങ്ങിയ പാരഡൈസാണ് പ്രശസ്ത കൃതി. ഡെസേര്ഷന്, ബൈ ദി സീ എന്നിവയാണ് മറ്റ് കൃതികള്.
2005ലെ ബുക്കര് പ്രൈസിനും വൈറ്റ്ബ്രെഡ് പ്രൈസിനും അദ്ദേഹത്തിന്റെ കൃതികൾ നാമനിര്ദേശം ചെയ്യപ്പെട്ടിരുന്നു. 1948ൽ സാന്സിബറില് ജനിച്ച ഗുര്ണ യുകെയിലാണ് താമസം. ടാൻസാനിയയിൽ ഭരണം പട്ടാളം അട്ടിമറിച്ച 1964ൽ യുകെയിലേക്ക് പലായനം ചെയ്തു. പിന്നീട് അവിടെ സ്ഥിരതാമസമാക്കുകയായിരുന്നു.
കൊളോണിയലിസം ഏൽപ്പിക്കുന്ന ആഘാതത്തോടും അഭയാര്ഥികളുടെ ജീവിതവ്യഥയോടുമുള്ള വിട്ടുവീഴ്ചയില്ലാത്തതും തീവ്രവുമായ അനുഭാവമാണ് പുരസ്കാരലബ്ധിക്ക് കാരണമെന്ന് നൊബേല് ജൂറി അഭിപ്രായപ്പെട്ടു. സാഹിത്യ നോബേൽ നേടുന്ന അഞ്ചാമത്തെ ആഫ്രിക്കൻ എഴുത്തുകാരനാണ് അബ്ദുള്റസാക്ക് ഗുര്ണ.