ന്യൂഡൽഹി
രാജ്യത്തെ സ്കൂളുകളിൽ 11.16 ലക്ഷം അധ്യാപകരുടെ കുറവുണ്ടെന്ന് യുനെസ്കോ. 35 കുട്ടികൾക്ക് ഒരു അധ്യാപകൻ എന്ന അനുപാതത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്രയും കുറവ്. ഇതിൽ 69 ശതമാനവും ഗ്രാമീണമേഖലയിലാണ്–- ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിലെ വിദഗ്ധർ യുനെസ്കോയ്ക്കുവേണ്ടി തയ്യാറാക്കിയ റിപ്പോർട്ടിൽ പറഞ്ഞു.
ഉത്തർപ്രദേശിൽ 3,20,000, ബിഹാറിൽ 2,20,000 വീതം അധ്യാപകരുടെ കുറവുണ്ട്. ജാർഖണ്ഡ്, കർണാടകം, മധ്യപ്രദേശ്, മഹാരാഷ്ട്ര, ബംഗാൾ സംസ്ഥാനങ്ങളിൽ 60,000നും 80,000നും ഇടയിൽ അധ്യാപകരുടെ കുറവുണ്ട്. ഒറ്റ അധ്യാപകൻമാത്രമുള്ള 1.2 ലക്ഷം സ്കൂൾ രാജ്യത്ത് പ്രവർത്തിക്കുന്നു.സ്കൂൾ അധ്യാപകരിലെ സ്ത്രീ–-പുരുഷ അനുപാതത്തിന്റെ അഖിലേന്ത്യ ശരാശരി 50 ശതമാനം വീതമാണ്. എന്നാൽ, ചണ്ഡീഗഢിൽ 82, ഗോവയിൽ 80, കേരളത്തിൽ 78 ശതമാനംവീതം അധ്യാപകർ വനിതകളാണ്. സ്വകാര്യസ്കൂൾ അധ്യാപകരുടെ ശമ്പളത്തിന്റെ അഖിലേന്ത്യാ ശരാശരി 13,546 രൂപയാണ്.