കൊച്ചി
സാധാരണക്കാരുടെ ജീവിതഭാരം കൂട്ടി ഗാർഹികാവശ്യത്തിനുള്ള പാചകവാതകം, പെട്രോൾ, ഡീസൽ എന്നിവയുടെ വില കേന്ദ്രസർക്കാർ വീണ്ടും വർധിപ്പിച്ചു. 14.2 കിലോ സിലിണ്ടറിന് ബുധനാഴ്ച 15 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ 891.5 രൂപയായിരുന്ന ഗാർഹിക സിലിണ്ടറിന് കൊച്ചിയിൽ 906.5 രൂപയായി. തിരുവനന്തപുരത്ത് 909 രൂപയും കോഴിക്കോട്ട് 908.5 രൂപയും കൊടുക്കണം. തുടർച്ചയായി നാലാംമാസമാണ് ഗാർഹിക സിലിണ്ടറിന് വില കൂട്ടുന്നത്. നാലുമാസംകൊണ്ട് 90.5 രൂപയാണ് വർധിപ്പിച്ചത്.
ബുധനാഴ്ച പെട്രോളിന് 30 പൈസയും ഡീസലിന് 37 പൈസയും കൂട്ടി. തിരുവനന്തപുരത്ത് പെട്രോളിന് 105.18 രൂപയും ഡീസലിന് 98.35 രൂപയുമായി. കൊച്ചിയിൽ പെട്രോളിന് 103.12 രൂപയും ഡീസലിന് 96.41 രൂപയും കോഴിക്കോട്ട് പെട്രോളിന് 103.41 രൂപയും ഡീസലിന് 96.72 രൂപയുമായി.